ലോകം കാണുന്നുണ്ടോ, മരണത്തിന്‍റെ തണുപ്പേറ്റ് കിടക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ...
text_fieldsഗാസ സിറ്റി: യുദ്ധത്തിന്‍റെ ഇരകൾ എന്നും കുട്ടികളെന്നതിന്‍റെ നേർസാക്ഷ്യം കാണാൻ ഗസയിലെ ആശുപത്രികളിലെക്ക് നോക്കിയാൽ മതി. മരണത്തിനും ജീവിതത്തിനുമിടയിൽ പിടയുന്ന പിഞ്ചാമനകളെ അവിടെ കാണാം. ഗസയിലെ അൽ-ശിഫ ആശുപത്രിയിലെ കുട്ടികൾക്കായുള്ള െഎ.സി.യുവിൽ 50 നവജാത ശിശുക്കളാണ് 30 കിടക്കകളിലായി മരണത്തോട് പോരടിക്കുന്നത്. ആശുപത്രിക്ക് പുറത്ത് സ്ഥാപിച്ച വലിയ ജനറേറ്ററുകളാണ് ഇവരുടെ ജീവൻ നിലനിർത്തുന്നതിനുള്ള വെൻറിലേറ്റുകൾക്കായി പ്രവർത്തിക്കുന്നത്. വൈദ്യുതി ഒരുനിമിഷം നിലച്ചാൽ മരണത്തിെൻറ തണുപ്പിലേക്ക് ഈ കുഞ്ഞുങ്ങൾ മറഞ്ഞുപോകും.
വൈദ്യുതി ക്ഷാമമാണ് ഇന്ന് ഗാസ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ആശുപത്രികളിൽ പോലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല. മെക്കാനിക്കൽ വെൻറിലേഷനിലൂടെയാണ് ഐ.സി.യുവിൽ കഴിയുന്ന നവജാത ശിശുക്കൾ ജീവൻ നില നിർത്തുന്നത്. വൈദ്യുതി നിലച്ചാൽ പിന്നീട് തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. തുക്കകുറവ് ഉൾപ്പടെയുള്ള പ്രശ്നങ്ങളുമായി ജനിക്കുന്ന കുട്ടികളാണ് െഎ.സി.യുകളിൽ കഴിയുന്നത്.
ഗാസയിലെ പ്രധാനപ്പെട്ട പവർ സ്റ്റേഷനുകളിലൊന്ന് കഴിഞ്ഞ മാസം അടച്ചതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ഇസ്രായേലിൽ നിന്ന് അമിത വില നൽകി വൈദ്യുതി വാങ്ങാനുള്ള ശേഷിയും ഫലസ്തീനില്ല. ഇസ്രായേൽ ഫലസ്തീന് വൈദ്യുതി നൽകുന്നതിലും കുറവ് വരുത്തിയിരിക്കുകയാണ്. വൈദ്യുതി ലഭ്യതയിൽ കുറവ് വന്നതോടെ ഗാസയിലെ നാല് ആശുപത്രികൾ അടച്ചു.
ജൂൺ മാസം അവസാനത്തോടു കൂടി ഗാസയിലെ ഇന്ധനത്തിെൻറ നീക്കിയിരുപ്പ് പൂർണമായും കഴിയും. ഇതോടെ വൻ പ്രതിസന്ധിയാവും നഗരത്തെ കാത്തിരിക്കുന്നത്. വൈദ്യുതി പൂർണമായും നിലച്ചാൽ 100 രോഗികളുടെ മരണത്തിനും 1000 രോഗികളുടെ സ്ഥിതി മോശമാകുന്നതിനും കാരണമാവുമെന്നാണ് അൽ ശിഫ ആശുപത്രി അധികൃതർ നൽകുന്ന വിവരം. നിലവിൽ 16 മുതൽ 20 മണിക്കൂർ വരെയാണ് ഗാസയിലെ പവർ കട്ട്.
അടിയന്തരമായ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടായാൽ മാത്രമേ ഗാസയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ. അല്ലെങ്കിൽ ലോകം ഇന്നുവരെ കാണാത്ത ദുരന്തത്തിലേക്ക് ഗാസ നീങ്ങുമെന്നതിന് തെളിവാണ് അവിടെ നിന്ന് വരുന്ന വാർത്തകൾ. അൽ ശിഫ ആശുപത്രി ഒരു ഒാർമ്മപ്പെടുത്തലാണ് യുദ്ധക്കൊതിക്കുമപ്പുറം മാനുഷിക മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടെതന്ന ഒാർമപ്പെടുത്തൽ. ഇസ്രായേലും അമേരിക്കയുമുൾപ്പടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഒരു നിമിഷമെങ്കിലും ഗാസയിലെ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കണം. സിറിയയിലെ രാസായുധ പ്രയോഗത്തിൽ കുട്ടികൾ മരിച്ചപ്പോൾ കണ്ണീരൊഴിക്കിയ രാജ്യങ്ങൾ ആരും തന്നെ ഗാസയിലെ കുട്ടികളെ കണ്ടില്ലെന്ന് നടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.