റഷ്യക്കും ബശ്ശാറിനുമെതിരെ വിശാല സഖ്യം
text_fieldsലണ്ടൻ: സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ സൈന്യം നടത്തിയ രാസായുധപ്രയോഗത്തിനെതിരെ തിരിച്ചടിയുടെ സൂചന നൽകി അമേരിക്കയുടെ നേതൃത്വത്തിലുള്ള വിശാല സഖ്യം രംഗത്തെത്തി. ജി7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ തിങ്കളാഴ്ച ഇറ്റലിയിലെ ടൂറിനിൽ ഒത്തുചേർന്ന് ബശ്ശാറിനും അദ്ദേഹത്തിന് പരസ്യപിന്തുണ നൽകുന്ന റഷ്യക്കുമെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. യൂറോപ്യൻ യൂനിയെൻറ പ്രതിനിധികൂടി പെങ്കടുത്ത യോഗത്തിൽ, സിറിയൻ സംഘർഷത്തിൽനിന്ന് എങ്ങനെ റഷ്യയെ പിന്തിരിപ്പിക്കാമെന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടന്നു. ബശ്ശാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് യോഗശേഷം ജി7 രാജ്യങ്ങൾ റഷ്യയെ അറിയിച്ചിട്ടുണ്ട്. ഇതിെൻറ തുടർച്ചയായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സൻ ചൊവ്വാഴ്ച മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തും. അതേസമയം, യു.എസ് വ്യോമസേനയുടെ ആക്രമണത്തിനെതിരെ സിറിയയുടെ സഖ്യകക്ഷികൾ രംഗത്തുവന്നത് സ്ഥിതി സങ്കീർണമാക്കിയിട്ടുണ്ട്.
രാസായുധപ്രയോഗത്തെ തുടർന്ന് അമേരിക്ക സിറിയൻ വ്യോമനിലയത്തിൽ നടത്തിയ ആക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് ജി7 രാജ്യങ്ങൾ ടൂറിനിലെത്തിയത്. ബശ്ശാറിനുള്ള സൈനിക പിന്തുണ റഷ്യ പിൻവലിക്കുകയെന്നതാണ് സിറിയൻ സംഘർഷം പരിഹരിക്കുന്നതിനുള്ള മാർഗമായി ഇൗ രാജ്യങ്ങൾ കാണുന്നത്. അതിനായി റഷ്യൻ പ്രസിഡൻറിെന സമ്മർദത്തിലാക്കാനാണ് ജി7 കൂട്ടായ്മയുടെ തീരുമാനം. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ തെൻറ മോസ്കോ യാത്ര മാറ്റിവെച്ചത് ഇൗ സമ്മർദതന്ത്രത്തിെൻറ ഭാഗമായിട്ടാണെന്ന് കരുതുന്നു. സിറിയയുമായുള്ള സൈനിക സഹകരണം തുടരുന്നതിലുള്ള പ്രതിഷേധമായിട്ടാണ് ബോറിസ് ജോൺസൺ യാത്ര മാറ്റിവെച്ചത്. 2013ൽ, സിറിയയിലെ രാസായുധങ്ങൾ മാറ്റുന്നതിൽ ജി7 രാജ്യങ്ങളോട് റഷ്യ സഹകരിച്ചിരുന്നു. രാസായുധങ്ങൾ മാറ്റാനും റഷ്യ മുൻകൈയെടുത്തു. എന്നാൽ, ഇതിൽ റഷ്യ വീഴ്ചവരുത്തിയെന്നാണ് ഇപ്പോൾ ജി7െൻറ വിലയിരുത്തൽ. അന്ന് രാസായുധങ്ങൾ പൂർണമായും മാറ്റിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ വ്യക്തമാക്കുന്നതെന്നും ജി7 രാജ്യങ്ങൾ ആരോപിക്കുന്നു. വിഷയത്തിൽ അമേരിക്കൻ നിലപാടും ചർച്ചയായി. ബശ്ശാറിനെ മാറ്റുക എന്നത് തങ്ങളുടെ മുൻഗണനക്രമത്തിെൻറ ആദ്യത്തിലില്ലെന്നായിരുന്നു നേരത്തേ അമേരിക്കയുടെ യു.എൻ പ്രതിനിധി നിക്കി ഹാലി പറഞ്ഞത്. എന്നാൽ, ഇപ്പോൾ ബശ്ശാറിനെ മാറ്റിയല്ലാതെ പരിഹാരം സാധ്യമല്ലെന്ന് അമേരിക്ക നിലപാടെടുത്തത് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടെല്ലേഴ്സൻ പറഞ്ഞു.
അതിനിടെ, സിറിയൻ സൈന്യത്തിനുനേരെയുള്ള ആക്രമണങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്ന് ബശ്ശാർ അനുകൂല സഖ്യസേന പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.