ഗസ്സ മുനമ്പിൽ െഎക്യദാർഢ്യറാലി
text_fieldsജറൂസലം: മസ്ജിദുൽ അഖ്സയിൽ പ്രവേശിക്കുന്നതിന് ഫലസ്തീനികളെ വിലക്കുന്ന ഇസ്രായേൽ നയങ്ങളിൽ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അഖ്സയുടെ കവാടത്തിൽ മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ സ്ഥാപിച്ചാണ് ഇസ്രായേൽ നിലപാട് കടുപ്പിച്ചത്. ഇൗ മെറ്റൽ ഡിറ്റക്ടറുകൾ നീക്കണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം. ഇവരെ പിന്തുണച്ച് വ്യാഴാഴ്ച ഗസ്സ മുനമ്പിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു.
വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും നടന്ന പ്രകടനങ്ങളെ ഇസ്രായേൽ പൊലീസ് ബലംപ്രയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചത് സംഘർഷങ്ങൾക്കിടയാക്കി. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ചൈനീസ് പര്യടനം വെട്ടിച്ചുരുക്കി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് മടങ്ങി. നാലുദിവസത്തെ സന്ദർശനമായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്.
പ്രശ്നം പരിഹരിക്കാൻ അദ്ദേഹം അറബ്-അന്താരാഷ്ട്ര നേതാക്കളുടെ സഹായം തേടിയതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച മസ്ജിദുൽ അഖ്സ ഉൾപ്പെടുന്ന ഹറമുശരീഫിൽ നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രായേൽ പൊലീസുകാർ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് ജുമുഅക്കായി ഫലസ്തീനികളെ മസ്ജിദിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുവദിച്ചില്ല. പിന്നീട് ഗ്രാൻഡ് മുഫ്തി മുഹമ്മദ് ഹുസൈെൻറ നിർദേശമനുസരിച്ച് മസ്ജിദിെൻറ കവാടത്തിലാണ് നമസ്കാരം നടന്നത്. ദശകങ്ങൾക്കുശേഷം ആദ്യമായാണ് മസ്ജിദിൽ ജുമുഅ മുടങ്ങുന്നത്.
രണ്ടു ദിവസത്തേക്ക് മസ്ജിദ് അടച്ച ഇസ്രായേൽ ഞായറാഴ്ചയാണ് തുറന്നത്. എന്നാൽ, സുരക്ഷപരിശോധനകൾ കർശനമാക്കിയതോടെ ഫലസ്തീനികൾക്ക് ഉള്ളിൽ കടക്കാൻ കഴിയാതെവന്നു.അതിനിടെ, സുരക്ഷക്കായി മസ്ജിദുൽ അഖ്സയുടെ കവാടത്തിൽ മെറ്റൽ ഡിറ്റക്ടറുകൾ അനിവാര്യമെന്നും മാറ്റാൻ ഉദ്ദേശ്യമില്ലെന്നും ഇസ്രായേൽ പൊതുസുരക്ഷ മന്ത്രി ഗീലാദ് എർദൻ അറിയിച്ചു. പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അവലോകനം നടത്തുമെന്നും സൈനിക റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിൽ ഗീലാദ് എർദൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.