റൂഹാനി: പരിഷ്കരണത്തിെൻറ ശബ്ദം
text_fieldsതെഹ്റാൻ: ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ വിജയം അദ്ദേഹത്തിെൻറ പരിഷ്കരണവാദത്തിെൻറ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര തലങ്ങളിൽ തുറന്ന സമീപനം സ്വീകരിച്ചതിനുള്ള ഇറാൻ ജനതയുടെ അംഗീകാരമായും വിജയം കരുതപ്പെടുന്നു. അഭിഭാഷകനും അക്കാദമീഷ്യനും നയതന്ത്രജ്ഞനുമായി പേരുകേട്ടയാളാണ് 68കാരനായ റൂഹാനി. മുൻ പ്രസിഡൻറ് മുഹമ്മദ് ഖാത്തമിയുടെ നേതൃത്വത്തിൽ ഇറാനിൽ രൂപംകൊണ്ട പരിഷ്കരണവാദികളുടെ ഭാഗമായാണ് റൂഹാനി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. രാഷ്ട്രീയ സംവിധാനത്തിൽ കൂടുതൽ സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെടുന്ന വിഭാഗമാണിത്.
രാജ്യത്ത് ഷാ ഭരണകൂടത്തെ തൂത്തെറിഞ്ഞ ഇസ്ലാമിക വിപ്ലവത്തിെൻറ നേതാവായിരുന്ന ആയത്തുല്ല ഖുമൈനിയുടെ അനുയായിയായിരുന്നു റൂഹാനി. ഖുമൈനി ഫ്രാൻസിൽ കഴിഞ്ഞിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു. പിന്നീട് പല ഉന്നത പദവികളും വഹിച്ച റൂഹാനി, സൈന്യത്തിലും ഒൗദ്യോഗിക പദവികളിലിരുന്നു. 2003 മുതൽ 2005 വരെ ആണവ ഇടപാടുകളിൽ ഇടനിലക്കാരനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2013ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 50 ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് വിജയിച്ചത്. പടിഞ്ഞാറൻ ലോകവുമായി കലഹത്തിൽ കഴിഞ്ഞിരുന്ന പതിവ് രീതികൾക്ക് മാറ്റംകൊണ്ടുവരാൻ തുടക്കംമുതൽ അദ്ദേഹം ശ്രദ്ധിച്ചു. 1979ന് ശേഷം ആദ്യമായി അമേരിക്കൻ പ്രസിഡൻറുമായി ചർച്ച നടത്തി അദ്ദേഹം ചരിത്രം കുറിച്ചു. ഭരണകാലത്തെ ഏറ്റവുംവലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നത് 2015ലെ ആണവക്കരാറാണ്.
അന്താരാഷ്ട്ര തലത്തിൽ ഇറാൻ നേരിടുന്ന ഒറ്റപ്പെടൽ പരിഹരിക്കുമെന്ന വാഗ്ദാനവുമായാണ് റൂഹാനി ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ആണവക്കരാറിലെത്തിയതോടെ ഉപരോധത്തിന് അയവുവരുത്താൻ പല ലോക രാജ്യങ്ങളും തയാറാവുകയുമുണ്ടായി. ഇതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലെ വിജയം പരിഷ്കരണ നടപടികൾക്ക് കൂടുതൽ ശക്തി പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൗര സ്വാതന്ത്ര്യവും തീവ്രതയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നായിരുന്നു റൂഹാനി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞിരുന്നത്. സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്നിടത്ത് റൂഹാനി പരാജയമാണെന്ന് ഇബ്രാഹീം റഇൗസി അടക്കമുള്ള എതിരാളികൾ പ്രചാരണം നടത്തി. പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ കടുത്ത നിലപാടുള്ള വ്യക്തിയായിരുന്നു റഇൗസി. 2015ലെ ആണവക്കരാറിനൊപ്പം രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് പ്രചാരണത്തിൽ മുന്നിൽനിന്നത്. റൂഹാനി ഭരണമേറ്റെടുത്ത ശേഷവും വിലവർധനവ് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന പ്രചാരണം എതിരാളികൾ നടത്തി. എന്നാൽ, രാജ്യത്ത് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുമെന്ന വാഗ്ദാനം നഗരങ്ങളിലെ മധ്യവർഗത്തെ സ്വാധീനിച്ചതാണ് റൂഹാനിയുടെ വിജയത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.