‘മാതാപിതാക്കളിൽ നിന്നും ഹിന്ദു സമൂഹത്തിൽ നിന്നും രക്ഷിക്കണം’; പാകിസ്താനിൽ മതംമാറിയ ഹിന്ദു പെൺകുട്ടി
text_fieldsഇസ്ലാമാബാദ്: മുസ്ലിം യുവാവിനെ സ്നേഹിച്ച് മതംമാറ്റം നടത്തി കല്യാണം കഴിച്ച തന്നെ മാതാപിതാക്കളിൽ നിന്നും ഹിന്ദു സമൂഹത്തിൽ നിന്നും രക്ഷിക്കണമെന്ന് പാക് പെൺകുട്ടിയുടെ അഭ്യർഥന. സിന്ധ് പ്രവിശ്യയിലെ ജകോബബാദിൽ നിന് നും ബുധനാഴ്ച കാണാതായ അരോക് കുമാരിയാണ് ഭർത്താവ് അലി റാസക്കൊപ്പം ഈ അഭ്യർഥനയുമായി വീഡിയോ പുറത്തുവിട്ടത് .
താൻ സ്വമേധയാ മതം മാറിയെന്നും അലീസ എന്ന പേര് സ്വീകരിച്ചെന്നും വീഡിയോയിൽ പറയുന്നു. ‘എനിക്ക് 18 വയസ്സായി. സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത്. തുടർന്ന് ഭീഷണി ഉള്ളതിനാൽ എന്നെ മാതാപിതാക്കളിൽ നിന്നും ഹിന്ദു സമൂഹത്തിൽ നിന്നും രക്ഷിക്കണം’- അരോക് കുമാരി പറയുന്നു.
ഈ ആവശ്യമുന്നയിച്ച് താനും ഭർത്താവും കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അമ്രോത് ശെരീഫ് ദർഗയിൽ വെച്ചാണ് മതംമാറ്റവും വിവാഹവും നടന്നതെന്നും വീഡിയോയിലുണ്ട്. അതേസമയം, പെൺകുട്ടിയെ അലിയും വീട്ടുകാരും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റുകയാണെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി.
നൻകി കുമാരി, മെഹക് കുമാരി എന്നൊക്കെ വിളിക്കപ്പെടുന്ന അരോക് കുമാരിക്ക് 15 വയസ് കഴിഞ്ഞതേയുള്ളുയെന്നും ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നതെന്നും വീട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു സമൂഹത്തിൽ നിന്ന് അടുത്തിടെ 50 കുട്ടികളെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റിയിട്ടുണ്ടെന്നാണ് അവർ ആരോപിക്കുന്നത്. ഇത് തടഞ്ഞ് ന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തയാറാകണമെന്നും വീട്ടുകാർ ആവശ്യപ്പെടുന്നു.
സിന്ധ് പ്രവിശ്യയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഇമ്രാൻ ഖാൻ സർക്കാറിന് തലവേദനയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.