അമേരിക്കയെ വിശ്വസിക്കരുതെന്നാണ് ചരിത്രം പഠിപ്പിച്ചത്: പാകിസ്താൻ
text_fieldsന്യൂഡൽഹി: പാകിസ്താനെതിരെയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അധിക്ഷേപ വർഷത്തിന് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന്‍റെ തിരിച്ചടി. അമേരിക്കയെ വിശ്വസിക്കാതിരിക്കാൻ പാകിസ്താന് നിരവധി കാരണങ്ങളുണ്ട് എന്നാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.
'അമേരിക്കയെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുത് എന്നാണ് ചരിത്രം തങ്ങളെ പഠിപ്പിച്ചത്' എന്ന് ട്വീറ്റ് ചെയ്ത ഖ്യാജ ആസിഫ്, 'നിങ്ങൾ സന്തുഷ്ടരല്ല എന്നറിയുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്, എന്നാൽ ഞങ്ങളുടെ അഭിമാനം പണയം വെക്കാൻ തയാറല്ല' എന്ന് മറ്റൊരു ട്വീറ്റിൽ കുറിച്ചു.
'ഞങ്ങൾ കണ്ട ഏറ്റവും വലിയ കുരുതിക്കളമായിരുന്നു അഫ് ഗാനിസ്താനിലെ നിങ്ങളുടെ ആക്രമണം. പാകിസ്താനിൽ നിലയുറപ്പിച്ചാണ് നിങ്ങൾ യുദ്ധം ചെയ്തത്. ഞങ്ങളുടെ മണ്ണിലൂടെയാണ് നിങ്ങളുടെ സൈന്യത്തിന് വേണ്ട ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്തത്. നിങ്ങൾ ആരംഭിച്ച യുദ്ധത്തിൽ ഞങ്ങളുടെ ആയിരക്കണക്കിന് പൗരന്മാരും പട്ടാളക്കാരും ഇരകളാകുകയായിരുന്നു.'
'പാകിസ്താന് 15 വർഷങ്ങളായി നൽകി വരുന്ന 33 ബില്യൺ തുകയെക്കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. ഇക്കാലയളവിൽ പാകിസ്താന്‍റെ വരവുചിലവു കണക്കുകൾ അമേരിക്കയിലെ തന്നെ ഏതെങ്കിലും ആഡിറ്റ് വിദഗ് ധരെക്കൊണ്ട് പരിശോധിപ്പിക്കണം. അപ്പോഴറിയാം ആരാണ് ചതിച്ചതെന്നും ആരണ് നുണ പറയുന്നതെന്നും.' ഖ്വാജ ആസിഫ് ട്വിറ്ററിൽ കുറിച്ചു.
അഫ്ഗാനിസ്താനിൽ തങ്ങൾ ഭീകരവാദികളെ വേട്ടയാടുമ്പോൾ പാകിസ്താൻ അവർക്ക് സുരക്ഷിത താവളങ്ങളൊരുക്കുന്നു എന്നായിരുന്നു ട്രംപിന്‍റെ പുതുവർഷ ദിനത്തിലെ ട്വീറ്റ്. തുടർന്ന് പാകിസ്താനുള്ള 255 ദശലക്ഷം ഡോളർ ധനസഹായം നിർത്തിവെക്കുന്നതായി യു.എന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലെ പ്രസ്താവിക്കുകയും ചെയ്തു. നാളുകളായി പാകിസ്താനും അമേരിക്കയും തമ്മിലുള്ള വാക്പോര് തുടർന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പാകിസ്താൻ വിദേശ കാര്യ മന്ത്രിയുടെ പുതിയ ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.