ഹോങ്കോങ്ങിനെ കുരുക്കാൻ ചൈന
text_fieldsബെയ്ജിങ്: ഹോങ്കോങ്ങിനെ പൂർണമായി വരുതിയിലാക്കാൻ ലക്ഷ്യമിടുന്ന ദേശീയ സുരക്ഷ ബില്ലിന് ചൈനീസ് പാർലമെൻറിെൻറ അംഗീകാരം. ചൈനയുടെ അധികാരത്തെ ചോദ്യംചെയ്യുന്ന ഏതു പ്രവൃത്തിയും ക്രിമിനൽ കുറ്റമാക്കുന്ന വിവാദ ബിൽ, ഇതാദ്യമായി ചൈനീസ് സുരക്ഷാ ഏജൻസികൾക്ക് ഹോങ്കോങ്ങിൽ പൂർണ പ്രവർത്തനാനുമതിയും നൽകുന്നു. വ്യാഴാഴ്ച അവസാനിച്ച പാർലമെൻറ്് സമ്മേളനത്തിലാണ് ബില്ലിന് അനുമതിയായത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിങ്ങ് കമ്മിറ്റി പരിശോധിച്ചശേഷം ആഗസ്റ്റിൽ ബിൽ നിയമമാകും. ബില്ലിലെ പൂർണവ്യവസ്ഥകൾ പുറത്തുവന്നിട്ടില്ല.
ഹോങ്കോങ്ങിലെ ‘ബേസിക് ലോ’ പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യങ്ങളെല്ലാം പുതിയ നിയമത്തോടെ ഇല്ലാതാകുമെന്നാണ് ഹോങ്കോങ് രാഷ്ട്രീയപ്പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. ‘ഒരു രാജ്യം രണ്ട് സംവിധാനം’ എന്ന നിലവിലെ സമ്പ്രദായത്തിെൻറ മരണമണിയാണ് മുഴങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അധികാരികളെ വിമർശിക്കുന്നതും സമരങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം ക്രിമിനൽ കുറ്റങ്ങളായി മാറുമെന്ന ആശങ്കയും പാർട്ടികൾ പങ്കുവെക്കുന്നു.
1997 ജൂലൈ ഒന്നിന് പ്രത്യേക നിബന്ധനകളോടെ ചൈനക്ക് കൈമാറ്റം ചെയ്യപ്പെട്ട മുൻ ബ്രിട്ടീഷ് കോളനിയാണ് ഹോങ്കോങ്. സംഘടിക്കാനും പൊതുവേദിയിൽ സംസാരിക്കാനുമുള്ളതടക്കം ജനാധിപത്യ അവകാശങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും ‘ബേസിക് ലോ’ പ്രകാരം ഹോങ്കോങ്ങിലുണ്ട്. എന്നാൽ, ചൈനയിൽ എവിടേയും ആ സ്വതന്ത്ര്യമില്ല. പുതിയ നിയമത്തിനെതിരെ ബുധനാഴ്ച ഹോങ്കോങ്ങിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് 300ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. സമരക്കാർക്ക് നേരെ ജല പീരങ്കിയും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.
നിയമത്തിനെതിരെ യു.എസ്
അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും പുതിയ നിയമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഹോങ്കോങ്ങിെൻറ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് പുതിയ നിയമമെന്നും അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമെന്ന പദവിക്ക് ഇതിലൂടെ കോട്ടം തട്ടുമെന്നുമാണ് അവർ അഭിപ്രായപ്പെട്ടത്. യു.എസ് പ്രസിഡൻറ് ട്രംപ് ചൈനയുടെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ചൈന ഏറ്റെടുത്താൽ ഹോങ്കോങ് എങ്ങനെ വാണിജ്യ കേന്ദ്രമായി തുടരും എന്നത് കണ്ട് അറിയേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി പ്രസ്താവനയിൽ അറിയിച്ചു. നിയമം നടപ്പായാൽ ഹോങ്കോങ്ങ് പഴയ സ്വയംഭരണ പ്രദേശമായിരിക്കില്ലെന്നും ചൈനയുമായുള്ള വ്യാപാരബന്ധത്തിൽ അത് പലവിധ തടസ്സങ്ങളുണ്ടാക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
ആഗോള മുതലാളിത്തത്തിേൻറയും ചൈനീസ് പ്രതിരോധത്തിേൻറയും പ്രതീകമായാണ് ഹോങ്കോങ്ങിനെ ലോക ജനത കാണുന്നത് എന്നതിനാൽ ആ നാടിെൻറ ഭാവിയിൽ കരിനിഴൽ പരത്തുന്നതാണ് ചൈനയുടെ പുതിയ ബില്ലെന്ന് വിദേശകാര്യ വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹോങ്കോങ്ങിലെ ബേസിക് ലോയുടെ അനുച്ഛേദം 22 പ്രകാരം ഹോങ്കോങ്ങിെൻറ പ്രാദേശിക കാര്യങ്ങളിൽ ഇടപെടാൻ ചൈനക്ക് വിലക്കുണ്ടെന്ന് ഹോങ്കോങ് ബാർ അസോസിയേഷനും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.