എല്ലാം നിരീക്ഷിച്ച് ഇംറാൻ ലാഹോറിൽ
text_fieldsലാഹോർ: പാകിസ്താെൻറ പിടിയിലായ ഇന്ത്യൻ വിങ് കമാൻഡർ പൈലറ്റ് അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറുന്നതിന് മേൽനോട്ടം വഹിച്ചത് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ നേരിട്ട്. ലാഹോറിൽ ഇരുന്നാണ് അധികമാരും അറിയാതെ ഇംറാൻ സംഭവഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചതെന്ന് പി.ടി.െഎ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഇസ്ലാമാബാദിൽനിന്ന് അഭിനന്ദനെ വാഗ അതിർത്തിയിലേക്ക് കൊണ്ടുവരുന്നതിന് ഏതാനും മണിക്കൂർ മുമ്പുതന്നെ ഇംറാൻ ലാഹോറിലെത്തിയിരുന്നു.
അവിടെ പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദർ, ഗവർണർ ചൗധരി സർവർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അഭിനന്ദനെ വിട്ടയക്കാൻ ഇംറാൻ എടുത്ത തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രിയും ഗവർണറും പ്രശംസിച്ചു.
പാകിസ്താൻ സമാധാനകാംക്ഷിയായ രാജ്യമാണെന്നും ഇന്ത്യയടക്കം അയൽരാജ്യങ്ങളുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും ഇതിലൂടെ വ്യക്തമാക്കാൻ കഴിഞ്ഞതായി ഇരുവരും വാർത്ത ഏജൻസിയോട് പറഞ്ഞു. അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നതുവരെ ഇംറാൻ ഖാൻ ലാഹോറിൽ തങ്ങി. തുടർന്ന് അദ്ദേഹം ഇസ്ലാമാബാദിലേക്ക് മടങ്ങി. ഇന്ത്യ-പാക് സംഘർഷം കുറക്കാൻ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ഇംറാൻ ഖാൻ അഭിനന്ദനെ വിട്ടയക്കാൻ തീരുമാനിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.