കുൽഭൂഷണെ കാണാൻ മാതാവിന് വിസ നൽകണമെന്ന് പാക്പത്രം
text_fieldsലാഹോർ: മാനുഷിക പരിഗണന മുൻനിർത്തി പാകിസ്താൻ കുൽഭൂഷൺ ജാദവിെന കാണാൻ മാതാവിന് വിസ അനുവദിക്കണമെന്ന് ഡോൺ പത്രം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടലിെൻറ തീവ്രത കുറക്കാനുള്ള അവസരം ഇതാണ്. മാനവികതയാണ് മറ്റെന്തിനേക്കാളും തിളക്കമാർന്നതെന്ന് തെളിയിക്കാനുള്ള ഒരവസരം കൂടിയാണിതെന്നും പത്രം മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഇത്തരം മനുഷ്യത്വപരമായ നടപടികൾ ആയിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിലേക്കു നയിക്കുക. ചാരവൃത്തി ആരോപിച്ച് സൈനിക കോടതി വധശിക്ഷക്കു വിധിച്ച കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകണമെന്ന ഇന്ത്യയുടെ ആവർത്തിച്ചുള്ള ആവശ്യങ്ങൾ പാകിസ്താൻ തള്ളുകയായിരുന്നു.
മകനെ കാണാൻ മാതാവ് നൽകിയ വിസ അപേക്ഷ അധികൃതരുടെ പരിഗണനയിലുമാണ്. അമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ച നയതന്ത്ര സഹായം അനുവദിക്കുന്നതിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ച മറ്റെല്ലാ കേസുകളെക്കാളും ഉപരിയാണിത്. ഇൗ കൂടിക്കാഴ്ചയെ ഒരിക്കലും ജാദവിനെതിരായ കേസുമായി ബന്ധിപ്പിക്കരുതെന്നും പത്രം ആവശ്യപ്പെട്ടു.
വധശിക്ഷക്കെതിരെ ജാദവ് കഴിഞ്ഞ ജൂൺ 22ന് പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വക്ക് ദയാഹരജി നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തെ വധശിക്ഷക്കു വിധിച്ചത്. ഇന്ത്യയുടെ ഹരജി പരിഗണിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.