ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും
text_fieldsഇസ്ലാമാബാദ്/ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ ബന്ധത്തിൽ മഞ്ഞുരുക്കത്തിന് വഴിയൊരുങ്ങുന്നു. തീവ്രവാദവും കശ്മീർ തർക്കവും ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ച വീണ്ടും തുടങ്ങണമെന്നാവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിേനാട് ഇന്ത്യക്ക് അനുകൂല പ്രതികരണം.
ഇംറാെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ഇൗ മാസം ന്യൂയോർക്കിൽ യു.എൻ പൊതുസഭക്കിടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറൈശിയും കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു. എന്നാൽ, ഇതു ചർച്ചയല്ലെന്നും പാകിസ്താെൻറ അഭ്യർഥനപ്രകാരമാണ് കൂടിക്കാഴ്ച തീരുമാനിച്ചതെന്നും അജണ്ട പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 14നാണ് ഇംറാൻഖാൻ കത്തയച്ചത്. പാകിസ്താനും ഇന്ത്യയും തമ്മിൽ അനിഷേധ്യമായ ദൃഢബന്ധമാണുള്ളെതന്നും സമാധാനപരമായി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ജനങ്ങളോടും പ്രത്യേകിച്ച് ഭാവിതലമുറയോടും നമ്മൾ കടപ്പെട്ടിരിക്കുന്നുവെന്നും ഇംറാൻ ഖാൻ വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ഇംറാൻ ഖാനെ അനുമോദിച്ച് ആഗസ്റ്റ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചിരുന്നു. പാകിസ്താനുമായി അർഥപൂർണവും സൃഷ്ടിപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ മോദി, തീവ്രവാദമില്ലാത്ത തെക്കൻ ഏഷ്യക്കായി പ്രവർത്തിക്കേണ്ട ആവശ്യവും കത്തിൽ പറഞ്ഞിരുന്നു.
2016 സെപ്റ്റംബർ 18ന് ജമ്മു-കശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിനുനേരെ പാകിസ്താൻ ആസ്ഥാനമായ തീവ്രവാദിസംഘം നടത്തിയ ആക്രമണത്തിൽ 18 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ-പാക് ബന്ധം വഷളായത്. ഇതിനു പിന്നാലെ നവംബറിൽ ഇസ്ലാമാബാദിൽ ചേരാനിരുന്ന തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘സാർക്’ ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചു. ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളും പിന്മാറിയതോടെയാണ് ഉച്ചകോടി ഉപേക്ഷിച്ചത്. തീവ്രവാദവും ചർച്ചയും കൈകോർത്ത് നീങ്ങില്ലെന്നായിരുന്നു ഇന്ത്യൻ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.