പാകിസ്താനെ വിഴുങ്ങാൻ ചൈനയുടെ സാമ്പത്തിക ഇടനാഴി
text_fieldsഇസ്ലാമാബാദ്: ഒന്നര പതിറ്റാണ്ടുകൊണ്ട് പാകിസ്താനിൽ വികസനവിപ്ലവമെന്ന വാഗ്ദാനവുമായി അവതരിപ്പിച്ച ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ വിശദാംശങ്ങൾ പുറത്ത്. പാകിസ്താനെയുടനീളം ബന്ധിപ്പിച്ച് ഫൈബർ ഒപ്റ്റിക് ശൃംഖല സ്ഥാപിച്ചും ചൈനീസ് കമ്പനികൾക്ക് വ്യവസായം വളർത്താൻ നാടുനീളെ പ്രത്യേക സാമ്പത്തിക മേഖലകൾ തുറന്നും കാർഷികരംഗത്ത് ൈചനീസ് പരീക്ഷണങ്ങൾക്ക് ആയിരക്കണക്കിന് ഹെക്ടർ ഭൂമി വിട്ടുനൽകിയുമാണ് പുതിയ സാമ്പത്തിക ഇടനാഴി നടപ്പാവുക. ചൈന വികസന ബാങ്കും ദേശീയ വികസന പരിഷ്കരണ കമീഷനും സംയുക്തമായി തയാറാക്കിയ 5500 കോടി ഡോളർ (മൂന്നര ലക്ഷം കോടി രൂപ) മുതൽമുടക്കുള്ള പദ്ധതിയുടെ മാസ്റ്റർ പ്ലാൻ പാക് പത്രം ‘ഡോൺ’ പുറത്തുവിട്ടു.
ചൈനയിൽ സിൻജ്യങ് മേഖലയിലെ കശ്ഗർ, തുംഷുഖ്, അതുഷി, അക്തോ എന്നിവയും പാകിസ്താനിൽ തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, പഞ്ചാബ്, സിന്ധ്, ഗിൽഗിത്-ബാൾട്ടിസ്താൻ, ഖൈബർ പഷ്തൂൻഖ്വ, ബലൂചിസ്താൻ എന്നിവയും ഇടനാഴിയുടെ ഭാഗമാണ്. വികസനം വിവിധ തലങ്ങളിലായി നടപ്പാക്കാൻ കാർഷികം, വ്യാപാരം, വ്യവസായം, ടൂറിസം തുടങ്ങിയ ഉപവിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. വ്യവസായിക വളർച്ചയെക്കാൾ പാകിസ്താെൻറ കാർഷിക വികസനത്തിനാണ് മാസ്റ്റർ പ്ലാനിൽ ഉൗന്നൽ. സുരക്ഷിതമല്ലാതായി മാറിയ രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പെഷാവർ മുതൽ കറാച്ചി വരെ നഗരങ്ങളിലും നിരത്തുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും തീരുമാനമുണ്ട്.
പ്രധാന നിർദേശങ്ങൾ
കാർഷികം
•പാക് കാർഷിക മേഖലയിൽ കൂടുതൽ ചൈനീസ് കമ്പനികൾക്ക് സ്വന്തമായി കൃഷിയിടങ്ങൾ തുടങ്ങാൻ അവസരമൊരുക്കൽ.
•ചൈനീസ് സർക്കാർ സഹായത്തോടെ എത്തുന്ന കമ്പനികൾക്ക് പാക് സർക്കാർ പ്രതിനിധികളുമായി നേരിട്ട് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരം.
•ഉൽപന്നങ്ങൾ കേടുവരാതെ സൂക്ഷിക്കാനും കടത്താനും കുറ്റമറ്റ ഗതാഗതസംവിധാനം.
•കാർഷിക മേഖലയുടെ വ്യവസായവത്കരണത്തിന് സിൻജ്യങ് ഉൽപാദന, നിർമാണ സേനയുടെ സേവനം പ്രയോജനപ്പെടുത്തൽ.
•പഞ്ചാബിലെ 6,500 ഏക്കർ ഭൂമിയിൽ പുതിയ ഇനം വിത്തുകൾ, പുതിയ ജലസേചന സംവിധാനം തുടങ്ങിയവയുടെ പരീക്ഷണത്തിനായി ചൈനക്കു വിട്ടുനൽകൽ.
•അസദാബാദ്, ലാഹോർ, ഗ്വാദർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ കൂറ്റൻ പച്ചക്കറി സംസ്കരണ ശാലകൾ.
വ്യവസായം
•രാജ്യത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചാണ് വ്യവസായം നടപ്പാക്കുക. ഒാരോ പ്രദേശത്തിനും യോജിച്ച വ്യവസായങ്ങളാണ് പദ്ധതിയിടുന്നത്. ബലൂചിസ്താൻ, ഖൈബർ പഷ്തൂൻഖ്വ പ്രവിശ്യകളുൾക്കൊള്ളുന്ന പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ മേഖലകളിൽ ധാതുഖനനത്തിനാണ് ഉൗന്നൽ, സ്വർണനിക്ഷേപമുള്ള മേഖലയാണിത്. വടക്കൻ മേഖലയിൽ 12 മാർബിൾ, ഗ്രാനൈറ്റ് കേന്ദ്രങ്ങളാണ് തുറക്കുക.
•മധ്യമേഖലയിൽ ടെക്സ്റ്റൈൽസ്, സിമൻറ്, വീട്ടുപകരണങ്ങൾ തുടങ്ങിയവക്കായി കമ്പനികൾ തുറക്കും. ദക്ഷിണ മേഖലയിൽ പെട്രോ കെമിക്കൽ, ഇരുമ്പ്, ഉരുക്ക് നിർമാണ കമ്പനികളും തുറക്കും. ഗ്വാദർ പട്ടണത്തെ വൻ വ്യവസായനഗരമാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.
മറ്റൊരു ഇൗസ്റ്റ് ഇന്ത്യ കമ്പനിയാകും; പാകിസ്താനിൽ പരക്കെ വിമർശനം
പാകിസ്താനിൽ ചൈന പദ്ധതിയിട്ട പുതിയ ഇടനാഴി രാജ്യത്തെ കൊളോണിയൽ അടിമത്തത്തിലേക്ക് തിരിെക നടത്തുന്ന പുതിയ ‘ഇൗസ്റ്റ് ഇന്ത്യ കമ്പനി’യാകുമെന്ന് പാക് സെനറ്റ് ആസൂത്രണ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ താഹിർ മശ്ഹദി. അന്ന് ഇന്ത്യയെ കീഴടക്കാൻ അയക്കപ്പെട്ടവരായിരുന്നു ഇൗസ്റ്റ് ഇന്ത്യ കമ്പനി. ക്രമേണ അവർ അധികാരം പിടിച്ചെടുത്ത് മുഗൾ ഭരണം ഇല്ലാതാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമിതിയിലെ മറ്റംഗങ്ങളും കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
ഗിൽഗിത്-ബാൾട്ടിസ്താനിൽ കാരക്കോറം സ്റ്റുഡൻറ്സ് അസോസിയേഷൻ, ഗിൽഗിത്-ബാൾട്ടിസ്താൻ യുനൈറ്റഡ് മൂവ്മെൻറ് ഉൾപ്പെടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ചൈനയുടെ സാമ്രാജ്യത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.