അഫ്ഗാനിൽ ഭീകരർ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
text_fieldsകാബൂള്‍: അഫ്ഗാനിസ്താനില്‍ 39കാരനായ ഇന്ത്യൻ പൗരൻ ഉള്‍പ്പെടെ മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തലസ്ഥാന നഗരമായ കാബൂളില്‍ അന്താരാഷ്ട്ര ഭക്ഷ്യ കമ്പനിയില്‍ ജോലിചെയ്യുന്നവരെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍ മലേഷ്യ, മാസിഡോണിയ പൗരന്മാരാണ്. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഒൗദ്യോഗിക കാറിൽ ഡ്യൂട്ടിക്ക് വരുേമ്പാൾ വ്യാഴാഴ്ച രാവിലെ 8.30നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. കാറിലെ ഡ്രൈവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് നടത്തിയ തിരച്ചിലിൽ രണ്ടുമണിക്കൂറിനകം കാബൂളിലെ മുസ്സാഹി ജില്ലയില്‍ പാർക്ക് ചെയ്ത കാറിൽ തലക്ക് വെടിയേറ്റ നിലയിൽ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കാബൂളിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അഫ്ഗാൻ അധികാരികളുമായി ബന്ധപ്പെടുന്നുെണ്ടന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു.
ഫ്രഞ്ച് ഭക്ഷ്യവിതരണ കമ്പനിയായ ജിയാൻറ് സോഡെക്സൊയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന് പറഞ്ഞു. സായുധ സംഘം കാറിലെത്തിയാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരെ കൊണ്ടുപോയ ഒാഫിസ് കാറിെൻറ ഡ്രൈവറെ ദേശീയ സുരക്ഷ ഡയറക്ടറേറ്റ് (എൻ.ഡി.എസ്) ചോദ്യം ചെയ്യുന്നുണ്ട്. വിദേശികൾക്ക് നേരെയുള്ള ആക്രമണം അഫ്ഗാനിലെ പ്രവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.