ഇറാനിൽ സർക്കാർ വിരുദ്ധ, അനുകൂല റാലികൾ
text_fieldsതെഹ്റാൻ: സമ്പദ്രംഗത്തെ മുരടിപ്പിൽ പ്രതിഷേധിച്ച് സർക്കാറിനും പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇൗക്കുമെതിരെ ഇറാനിൽ റാലികൾ. ഭക്ഷണസാധനങ്ങൾക്ക് വിലവർധിക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ മശ്ഹദിലാണ് സർക്കാർവിരുദ്ധ പ്രകടനങ്ങളുടെ തുടക്കം. പിന്നീട് പ്രതിഷേധം തെഹ്റാനിലേക്കും ഖുമ്മിലേക്കും വ്യാപിക്കുകയായിരുന്നു.
അവശ്യസാധനങ്ങളുടെ വിലയിൽ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം സജീവമായിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറിയത്. നിരവധി പേർ അറസ്റ്റിലായി. പ്രതിഷേധക്കാരെ പൊലീസ് നേരിട്ടതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
തുടർന്ന് പ്രതിഷേധക്കാരെ ഇറാൻ അടിച്ചമർത്തുന്നതായി ചൂണ്ടിക്കാട്ടി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കമുള്ളവർ ശനിയാഴ്ച പ്രതികരിച്ചു. അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കുന്നതിനും അഴിമതി അവസാനിപ്പിക്കുന്നതിനും ഇറാൻ ജനത നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ രാജ്യങ്ങളും പിന്തുണനൽകണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറും പ്രസ്താവനയിറക്കി.
അതേസമയം, ഇറാൻ സർക്കാറിനും അലി ഖാംനഇക്കും പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങൾ ശനിയാഴ്ച തെഹ്റാനിൽ തെരുവിലിറങ്ങി. സർക്കാർവിരുദ്ധ പ്രതിഷേധത്തിനു പിന്നിൽ ഗ്രീൻ മൂവ്മെൻറ് നേതാക്കളാണെന്ന് ആരോപിച്ച പ്രകടനക്കാർ തടങ്കലിൽ കഴിയുന്ന മീർ ഹുസൈൻ മൂസവി, മെഹ്ദി കറൂബി എന്നിവരെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
വൻശക്തി രാജ്യങ്ങളുമായി ആണവകരാറിൽ ഏർപ്പെട്ടതിന് പിന്നാലെ ഇറാനിലെ സമ്പദ്നില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, നേട്ടം സാധാരണക്കാരനിലേക്ക് ഇനിയും എത്തിയിട്ടില്ലെന്നാണ് കണക്കുകൾ. തൊഴിലില്ലായ്മയും പണപ്പെരുപ്പവും രൂക്ഷമായി തുടരുകയാണ്. ഭക്ഷണസാധനങ്ങൾക്ക് 40 ശതമാനം വില വർധിച്ചതാണ് സർക്കാർവിരുദ്ധ അസ്വസ്ഥത പടരാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.