ഉപരോധം മറികടക്കുമെന്ന് ഇറാൻ
text_fieldsതെഹ്റാൻ: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഉപരോധം മറികടന്ന് എണ്ണ വിൽക്കുമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് റൂഹാനി രാജ്യം നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഉപരോധത്തെ തകർക്കുമെന്ന് പ്രഖ്യാപിച്ചത്. ഇറാനെ വൻ സമ്മർദത്തിലാക്കുന്ന ശക്തമായ ഉപരോധമാണ് ഏർപ്പെടുത്തിയതെന്ന് ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.എസ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് റൂഹാനിയുടെ പ്രസ്താവന.
അമേരിക്ക ഞങ്ങളുടെ ഇന്ധന കയറ്റുമതി പൂർണമായും തടയാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ എണ്ണ വിൽപന തുടരും. ഉപരോധം തകർത്ത് മുന്നോട്ടുപോകും -റൂഹാനി വ്യക്തമാക്കി. യു.എസ് നടപടിക്കെതിരെ ഇറാനിൽ കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. ഇന്ത്യ, ചൈന, ജപ്പാൻ അടക്കം എട്ടുരാജ്യങ്ങൾക്ക് ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നതിന് താൽക്കാലിക അനുമതി നൽകിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചിട്ടുണ്ട്.
അതിനിടെ, ഇറാനെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയ യു.എസിനെ ഇസ്രായേൽ നന്ദിയറിയിച്ചു. എന്നാൽ, യു.എസ് ഉപരോധം പരിഗണിക്കാതെ ഇറാനുമായി വ്യാപാരം തുടരുമെന്ന് ചൈന വ്യക്തമാക്കി. ഏകപക്ഷീയമായ ഉപരോധത്തെ അംഗീകരിക്കാനാവില്ല. ഇരുരാജ്യങ്ങളും തമ്മിലെ സാധാരണ ബന്ധം തുടരും -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇറാനുമായുള്ള 2015ലെ ആണവകരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ് ചൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.