ഇറാൻ ജനത നാളെ പോളിങ് ബൂത്തിലേക്ക്
text_fieldsതെഹ്റാൻ: അടുത്ത പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ ഇറാൻ ജനത നാളെ പോളിങ് ബൂത്തിലേക്ക്. 2015ലെ നാഴികക്കല്ലായ ആണവകരാറിനു ശേഷം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പാണിത്. ആണവ പരിപാടികൾ നിർത്തിവെക്കുന്നതിനു പകരമായി ഇറാനുമേൽ ചുമത്തിയ ഉപരോധങ്ങൾ എടുത്തുകളയുമെന്നായിരുന്നു വൻ ശക്തികളുമായി നിലവിൽവന്ന ആണവകരാറിലെ വ്യവസ്ഥ. യു.എസിൽ ഡോണൾഡ് ട്രംപ് പ്രസിഡൻറായി അധികാരമേറ്റതോടെ ആണവകരാറിെൻറ നിലനിൽപുതന്നെ ഭീഷണിയിലാണെങ്കിലും തൽക്കാലം ഇറാനെ പ്രകോപിപ്പിക്കാൻ വൈറ്റ്ഹൗസ് മുതിർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര സമൂഹവുമായി ഇറാെൻറ ബന്ധവും പ്രതിസന്ധി നേരിടുന്ന സാഹചര്യമാണിത്. നിലവിലെ പ്രസിഡൻറ് ഹസൻ റൂഹാനി ഏറ്റുമുട്ടലിെൻറ സാഹചര്യങ്ങളുണ്ടായപ്പോഴൊക്കെ കലഹത്തിെൻറ പാത വിട്ട് പലപ്പോഴും സംയമനത്തിലൂന്നിയുള്ള നയമാണ് സ്വീകരിച്ചിരുന്നത്. മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുമായി ആണവകരാർ വിഷയത്തിൽ നേരിട്ട് ചർച്ച നടത്താനും അദ്ദേഹം സന്നദ്ധനായി. മൂന്നു ദശകത്തിനു ശേഷമാണ് ഇറാൻ-യു.എസ് പ്രതിനിധികളുടെ ചർച്ച നടക്കുന്നത് എന്നും ഒാർക്കണം. എന്നാൽ, പുതിയ പ്രസിഡൻറ് വന്നാൽ അദ്ദേഹത്തിെൻറ പാതതന്നെയാവും പിന്തുടരുക എന്നത് സംശയമാണ്. അതുകൊണ്ടുതന്നെയാവണം ഇറാൻ ജനതയിൽ ഭൂരിഭാഗവും റൂഹാനിയുടെ രണ്ടാമൂഴം ആഗ്രഹിക്കുന്നതും. ഇറാൻ വിദേശകാര്യനയം അടിമുടി മാറ്റിയെഴുതപ്പെട്ടതും മിതവാദിയായ റൂഹാനിയുടെ കാലത്തുതന്നെ.
തെരഞ്ഞെടുപ്പിൽ റൂഹാനി പരാജയപ്പെട്ടാൽ പരിഷ്കരണവാദികൾക്ക് കനത്ത തിരിച്ചടി നൽകി യാഥാസ്ഥിതിക വാദികൾക്ക് അധികാരത്തിൽ തിരികെയെത്താൻ അവസരം ലഭിക്കും. പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇൗയുടെ വിലക്ക് മറികടന്ന് മുൻ പ്രസിഡൻറ് അഹ്മദി നെജാദ് മത്സരിക്കാൻ സന്നദ്ധത കാണിച്ചത് റൂഹാനി പക്ഷത്തെ അൽപമൊന്ന് പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, നെജാദിന് ഗാർഡിയൻ കൗൺസിൽ അയോഗ്യത കൽപിച്ചതോടെ ആ പ്രശ്നം തൽക്കാലം പരിഹരിക്കപ്പെട്ടു.
ഇറാൻ ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുേമ്പാഴാണ് ഇൗ ജനവിധിയെന്നതും ശ്രദ്ധേയമാണ്. ആയത്തുല്ലാ ഖാംനഇൗയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളാണ് അതിലൊന്ന്. രാജ്യത്തെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളിലും ഖാംനഇൗ ആണ് അവസാനവാക്ക്. അദ്ദേഹം വേണ്ടെന്നു പറഞ്ഞാൽ തീർന്നു എല്ലാം. 1979െല ഇസ്ലാമിക വിപ്ലവത്തിന് അടിത്തറയിട്ട ആയത്തുല്ലാ ഖുമൈനി പരമോന്നത നേതാവായിരുന്ന സമയത്ത് ഖാംനഇൗ ഇറാൻ പ്രസിഡൻറ് സ്ഥാനം അവരോധിച്ചിട്ടുണ്ട്. 1980കളിലായിരുന്നു അത്. അദ്ദേഹത്തിെൻറ മരണത്തോടെ ഖാംനഇൗ പരമോന്നത പദവി ഏറ്റെടുക്കുകയും ചെയ്തു. ഖാംനഇൗയുടെ നേതൃത്വത്തിലുള്ള പാരമ്പര്യവിഭാഗത്തിെൻറ പ്രസിഡൻറ് സ്ഥാനാർഥിയായ ഇബ്രാഹീം റഇൗസിയാണ് നിലവിൽ റൂഹാനിക്ക് കടുത്ത വെല്ലുവിളിയുയർത്തുന്ന സ്ഥാനാർഥി.
പ്രധാന വിഷയങ്ങൾ
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യം നേരിടുന്ന അസ്ഥിരത പരിഹരിക്കുമെന്നതായിരുന്നു റൂഹാനിയുടെ 2013ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനം. എന്നാൽ, ആണവകരാറിനു ശേഷം റൂഹാനി രാജ്യത്തെ പ്രശ്നങ്ങൾ നേരിട്ടതിനെക്കുറിച്ചുള്ള ഹിതപരിശോധനയാണ് യഥാർഥത്തിൽ ഇൗ തെരഞ്ഞെടുപ്പ്. രാജ്യത്തെ തകർന്നടിഞ്ഞ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും പണപ്പെരുപ്പത്തിെൻറ തോത് കുറക്കാനും കഴിഞ്ഞെങ്കിലും തൊഴിലില്ലായ്മ നിരക്കിൽ വർധന തുടരുകയാണ്. വിമർശകരുടെ പ്രധാന ഉൗന്നലും ഇൗ മേഖലതന്നെ. ഇൗയവസരത്തിൽ പാവപ്പെട്ടവരുടെ സ്ഥാനാർഥിയായാണ് റഇൗസി സ്വയം ചിത്രീകരിക്കുന്നത്. യുവാക്കൾക്ക് തൊഴിൽ സുരക്ഷിതത്വമാണ് അദ്ദേഹത്തിെൻറ പ്രധാന വാഗ്ദാനം. ഒപ്പം സാമ്പത്തിക വ്യവസ്ഥ ഉടച്ചുവാർക്കുമെന്ന ഉറപ്പും.
1600 പേരാണ് ഇക്കുറി മത്സരിക്കാൻ രജിസ്റ്റർ ചെയ്തത്. അതിൽ ആറെണ്ണം മാത്രമാണ് ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചത്. 100ലേറെ വനിതകളും പേര് രജിസ്റ്റർ ചെയ്തിരുന്നു. ഒരാളെപോലും പരിഗണിച്ചില്ല. റൂഹാനിയുടെ വൈസ്പ്രസിഡൻറായിരുന്ന ഇസ്ഹാഖ് ജഹാംഗീരി, തെഹ്റാൻ മേയർ മുഹമ്മദ് ബാഖിർ ഖാലീബാഫ്, റഇൗസി, അത്രയൊന്നും പ്രശസ്തരല്ലാത്ത മുസ്തഫ ആഖാ മീർ സലീം, മുസ്തഫ ഹാശിമി താബ എന്നിവരാണ് അവസാന പട്ടികയിൽ ഇടംപിടിച്ചത്. അതിൽ തെഹ്റാൻ മേയർ കഴിഞ്ഞ ദിവസം മത്സരത്തിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. പാരമ്പര്യവാദികളുടെ റഇൗസിക്കു വേണ്ടിയാണ് പിന്മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. റൂഹാനിക്കു വേണ്ടി ജഹാംഗീരിയും പിന്മാറി. ഇപ്പോൾ റൂഹാനിയുൾപ്പെടെ നാലുപേർ മാത്രമാണ് രംഗത്തുള്ളത്.
വോെട്ടടുപ്പ് രീതി
18 തികഞ്ഞ എല്ലാവർക്കും ഇറാനിൽ വോട്ടുണ്ട്. 1.8 കോടി വോട്ടർമാരാണ് ഇക്കുറി വിധിയെഴുത്തിൽ പങ്കാളികളാവുക. പരിഷ്കരണവാദികൾ പിന്തുണക്കുന്ന 68കാരനായ റൂഹാനിക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത്. ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിൽ 16 വർഷം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഹമ്മദ് ഖാത്തമി ഇറാൻ പ്രസിഡൻറായ അവസരത്തിൽ റൂഹാനിയായിരുന്നു പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ആണവ ചർച്ചക്കു ചുക്കാൻ പിടിച്ചത്. റൂഹാനിയുടെ ഭരണകാലത്ത് ഇറാൻ യുേറനിയം സമ്പുഷ്ടീകരണം നിർത്തിവെച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി ഒത്തുചേർന്നുള്ള നയമാണ് അദ്ദേഹം സ്വീകരിച്ചത്. അന്തരിച്ച മുൻ പ്രസിഡൻറ് അക്ബർ ഹാശിമി റഫ്സഞ്ചാനിയുടെ അടുത്ത അനുയായികൂടിയാണ് അദ്ദേഹം. റഫ്സഞ്ചാനി പ്രസിഡൻറായിരുന്നപ്പോഴാണ് 1989ൽ അദ്ദേഹത്തെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി നിയമിച്ചത്. 56കാരനായ ഇബ്രാഹീം റഇൗസിക്കാണ് അടുത്ത സാധ്യത. ഇറാൻ പ്രോസിക്യൂട്ടർ ജനറൽ ആയിരുന്ന അദ്ദേഹത്തിന് ഇപ്പോഴും ജുഡീഷ്യറിയിൽ സുപ്രധാന റോളുണ്ട്.
വിജയിക്കാൻ 50 ശതമാനത്തിലേറെ വോട്ട് വേണം. ഒന്നാം ഘട്ടത്തിൽ ആർക്കും ഇൗ ശതമാനം ലഭിക്കുന്നില്ലെങ്കിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ഒന്നാം ഘട്ടത്തിൽതന്നെ റൂഹാനി ജയിക്കുമെന്ന സൂചനയെ തുടർന്നാണ് ഖാലീബാഫ് പിന്മാറി റഇൗസിക്ക് പിന്തുണ നൽകിയത്. 2013ലെ തെരഞ്ഞെടുപ്പിൽ ഖാലീബാഫ് ആയിരുന്നു റൂഹാനിയുടെ മുഖ്യ എതിർസ്ഥാനാർഥി. അന്ന് ഒന്നാം ഘട്ടത്തിൽതന്നെ റൂഹാനി ജയിച്ചു; ഖാലീബാഫിന് 16.5 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
(കടപ്പാട് ദ ഗാർഡിയൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.