അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഹസൻ റൂഹാനി
text_fieldsഅങ്കാറ: ആണവ നിരായുധീകരണ വിഷയത്തിൽ ഉപരോധം നടപ്പാക്കാനിരിക്കെ അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ഇറാൻ. പുതിയ ചർച്ച നടത്താമെന്ന യു.എസിന്‍റെ ആവശ്യം തള്ളിയ ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി വിശ്വസിക്കാൻ കൊള്ളാത്ത ഒരു ഭരണകൂടവുമായി ചർച്ചക്ക് തയാറല്ലെന്ന് വ്യക്തമാക്കി. കഠാര ചൂണ്ടി കൊണ്ട് ചർച്ച നടത്താമെന്നാണ് നിങ്ങൾ പറയുന്നത്. ആദ്യം നിങ്ങൾ കഠാര മാറ്റൂവെന്നും റൂഹാനി യു.എസിനോട് ആവശ്യപ്പെട്ടു.
നയതന്ത്ര നീക്കത്തിനും ചർച്ചക്കും ഇറാൻ തയാറാണ്. എന്നാൽ, ചർച്ചക്ക് ആത്മാർഥത ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നേരിട്ടുള്ള ചർച്ചക്കാണ് യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ശ്രമിക്കുന്നത്. ഇത് ഇറാനിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണെന്നും റൂഹാനി ചൂണ്ടിക്കാട്ടി.
അതേസമയം, ഇറാനെതിരായ അമേരിക്കൻ ഉപരോധം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ഇതോടെ, യു.എസ് ഡോളറും സ്വർണവും ലോഹവും ഇടപാട് നടത്താൻ ഇറാൻ സർക്കാറിന് വിലക്കുവരും.
കഴിഞ്ഞ മേയിലാണ് ഇറാനുമായി 2015ൽ ഒപ്പുവെച്ച ആണവ കരാറിൽ നിന്നും പിൻവാങ്ങുന്നതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഉൗർജേതര ഇടപാടുകളുടെ മേലുള്ള ഉപരോധമാണ് ഇന്ന് ആരംഭിക്കുന്നത്. ഉൗർജ രംഗത്തെ ഉപരോധം നവംബർ നാലിന് ആരംഭിക്കും.
ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കണമെന്ന യു.എസിന്‍റെ ആവശ്യം ചൈന നേരത്തെ തള്ളിയിരുന്നു. എന്നാൽ, ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് വർധിപ്പിക്കില്ലെന്ന് ചൈന ഉറപ്പു നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.