ഇറാഖ്: ഭൂരിപക്ഷത്തിനായി പുതുകൂട്ടുകെട്ടുകൾ രംഗത്ത്
text_fields
ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിനെ രാജ്യത്തുനിന്ന് തുടച്ചുനീക്കിയശേഷം നടന്ന തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി ഇറാഖിൽ പാർലമെൻറ് സമ്മേളിച്ചു. ഒരു കക്ഷിക്കും ഒറ്റക്ക് മേൽക്കൈയില്ലാത്ത പാർലമെൻറിൽ, സർക്കാർ രൂപവത്കരണത്തിനാവശ്യമായ ഭൂരിപക്ഷം നേടാൻ വിവിധ കക്ഷികൾ പുതിയ കൂട്ടുകെട്ടുകൾ പ്രഖ്യാപിക്കുന്നതിനാണ് ആദ്യദിനം സാക്ഷ്യംവഹിച്ചത്. പുതുതായി രൂപംകൊണ്ട ബ്ലോക്കുകൾ ഭൂരിപക്ഷം അവകാശപ്പെട്ടതിനാൽ ആദ്യദിനം നടക്കേണ്ടിയിരുന്ന സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നില്ല.
മേയ് 12നാണ് 329 അംഗ പാർലമെൻറിലേക്ക് തെരഞ്ഞെടുപ്പു നടന്നത്. 54 സീറ്റുമായി ശിയ നേതാവ് മുഖ്തദ അൽസദ്റിെൻറ സൈറൂൻ സഖ്യമാണ് മുന്നിലെത്തിയത്. എന്നാൽ, ഭരിക്കാനാവശ്യമായ 165 സീറ്റ് എത്തിപ്പിടിക്കണമെങ്കിൽ കൂടുതൽ കക്ഷികൾ ഒരുമിക്കുകയല്ലാതെ മാർഗമില്ല.
ഇതു തിരിച്ചറിഞ്ഞാണ് പാർലമെൻറ് സമ്മേളനം തുടങ്ങിയപ്പോൾ സദ്റും നിലവിലെ പ്രധാനമന്ത്രി ൈഹദർ അൽഅബാദിയുടെ അൽ നസ്ർ സഖ്യവും കൂട്ടുകൂടുന്നതായി പ്രഖ്യാപിച്ചത്. അബാദിയുടെ സഖ്യത്തിന് 42 സീറ്റാണുള്ളത്. രണ്ടു സഖ്യങ്ങളും ചേർന്നാലും 96 സീറ്റു മാത്രമേ ആകുന്നുള്ളൂവെന്നതിനാൽ മറ്റു ചെറുകക്ഷികളെയും ഇവർ കൂടെ കൂട്ടിയിട്ടുണ്ട്. ശിയ, സുന്നി കക്ഷികളും തുർക്മെൻ, യസീദി, ക്രിസ്ത്യൻ കക്ഷികളും ഇതിലുണ്ട്. എന്നിട്ടും ഭരിക്കാനാവശ്യമായ ഭൂരിപക്ഷത്തിലെത്താനായിട്ടില്ല.
മുൻ പ്രധാനമന്ത്രി നൂരി അൽമാലികിയുടെയും മിലീഷ്യ കമാൻഡർ ഹാദി അൽഅമീരിയുടെയും സഖ്യങ്ങളാണ് സദ്ർ-അബാദി കൂട്ടുകെട്ടിന് എതിരാളികളായി പാർലമെൻറിൽ പ്രത്യേക ബ്ലോക്കായിരിക്കുന്നത്. 47 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയാണ് അമീരിയുടെ ഫത്തഹ് സഖ്യം. മാലികിയുടെ സ്റ്റേറ്റ് ഒാഫ് ലോ സഖ്യത്തിന് 25 സീറ്റാണ് കിട്ടിയിരുന്നത്.
Iraqഅതേസമയം, രണ്ടു പ്രധാന കുർദിഷ് പാർട്ടികൾ രണ്ടു ബ്ലോക്കിെൻറയും കൂടെ കൂടിയിട്ടില്ല. നെഷറവാൻ ബർസാനിയുടെ കുർദിഷ് ഡെമോക്രാറ്റിക് പാർട്ടിക്ക് 25ഉം കുസ്റത് റസുൽ അലിയുടെ പാട്രിയോട്ടിക് യൂനിയൻ ഒാഫ് കുർദിസ്താന് 18ഉം സീറ്റുണ്ട്. ഇൗ രണ്ടു പാർട്ടികളുടെയും പിന്തുണ ഏതു സഖ്യത്തിനായിരിക്കുമെന്നതാവും സർക്കാർ ആര് രൂപവത്കരിക്കും എന്നത് തീരുമാനിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുൻ വൈസ് പ്രസിഡൻറ് ഇയാദ് അല്ലാവിയുടെ അൽ വതനിയ പാർട്ടിക്ക് 21ഉം അമ്മാർ അൽ ഹാകിമിെൻറ നാഷനൽ വിസ്ഡം മൂവ്മെൻറിന് 19ഉം ഉസാമ അൽനുജൈഫിയുടെ ഡിസിഷൻ അലയൻസിന് 14ഉം സീറ്റുണ്ട്. ഇവരുടെ നീക്കങ്ങളും നിർണായകമാവും. യു.എസിന് താൽപര്യമുള്ളയാളാണ് നിലവിലെ പ്രധാനമന്ത്രി ൈഹദർ അൽഅബാദി. എന്നാൽ, ദേശീയവാദിയായി അവകാശപ്പെടുന്ന സദ്റാവെട്ട യു.എസിനും ഇറാനും ഒരുപോലെ അനഭിമതനാണ്. ഇരുവരും തമ്മിലെ കൂട്ടുകെട്ട് അതിനാൽ തന്നെ എത്ര മുന്നോട്ടുപോകുമെന്നതാണ് പ്രധാന ചോദ്യം.
രാജ്യത്തെ നിയമപ്രകാരം തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് 90 ദിവസത്തിനകം സർക്കാർ രൂപവത്കരിക്കണം. എന്നാൽ, മേയ് 12ന് തെരഞ്ഞെടുപ്പ് നടക്കുകയും 19ന് പൂർണ ഫലം പുറത്തുവരുകയും ചെയ്ത് മൂന്നു മാസത്തിലേറെ കഴിഞ്ഞ ശേഷമാണ് പാർലമെൻറ് സമ്മേളിക്കുന്നതു തന്നെ. 2010ൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു മാസത്തിനുശേഷമാണ് ഫലം പ്രഖ്യാപിച്ചത്. പിന്നീട് അഞ്ചു മാസം കൂടി കഴിഞ്ഞ ശേഷമാണ് സർക്കാർ രൂപവത്കരിക്കാനായത്.
കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക അസന്തുലിതത്വവും മൂലം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം രൂക്ഷമായിരിക്കുന്ന അവസ്ഥയിലാണ് സർക്കാർ രൂപവത്കരണവും നീളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.