ഇറാഖ് പുനർനിർമിക്കാൻ അഞ്ചര ലക്ഷം കോടി വേണം
text_fieldsകുവൈത്ത് സിറ്റി: മൂന്നു വർഷത്തിലേറെ നീണ്ട െഎ.എസ്വിരുദ്ധ യുദ്ധത്തിനൊടുവിൽ തകർന്നുതരിപ്പണമായ രാജ്യത്തിെൻറ പുനർനിർമാണത്തിന് ഏറ്റവും ചുരുങ്ങിയത് 8820 കോടി ഡോളർ (അഞ്ചര ലക്ഷം കോടി രൂപ) വേണമെന്ന് രാജ്യാന്തര ദാതാക്കളുടെ സമ്മേളനത്തിൽ ഇറാഖ് സർക്കാർ.
ഇതിെൻറ നാലിലൊന്ന് തുക അടിയന്തരമായി ലഭിച്ചാലേ ഇറാഖ് ജനതക്ക് മുന്നോട്ടുപോകാനാകൂ എന്ന് കുവൈത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഇറാഖ് ആസൂത്രണ മന്ത്രി ഖുസയ്യ് അബ്ദുൽ ഫത്താഹ് പറഞ്ഞു. വിദേശ രാഷ്ട്രങ്ങളിലെയും മുൻനിര കമ്പനികളിലെയും 1900ത്തോളം പ്രമുഖർ സമ്മേളനത്തിൽ പെങ്കടുത്തു.
വീടുകൾ, ഹോസ്പിറ്റലുകൾ, സ്കൂളുകൾ, റോഡുകൾ, വ്യവസായ സ്ഥാപനങ്ങൾ, ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം കനത്ത ബോംബിങ്ങിൽ തകർന്നിട്ടുണ്ട്. ഒന്നര ലക്ഷത്തോളം വീടുകൾ തകർക്കപ്പെട്ടതായി പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. 25 ലക്ഷം ഇറാഖികളാണ് അഭയാർഥികളായി കഴിയുന്നത്.
െഎ.എസ് വിരുദ്ധ പോരാട്ടത്തിനെന്ന പേരിൽ ഇറാഖിൽ കനത്ത വ്യോമാക്രമണത്തിന് നേതൃത്വം നൽകിയ യു.എസ് ഉൾപ്പെടെ സഖ്യകക്ഷി രാഷ്ട്രങ്ങളൊന്നും പക്ഷേ, സമ്മേളനത്തിൽ ഇറാഖിനെ സഹായിക്കാൻ രംഗത്തുവന്നില്ലെന്നത് ശ്രദ്ധേയമായി. ചില സന്നദ്ധ സംഘടനകൾ ചേർന്ന് 33 കോടി രൂപ വാഗ്ദാനം ചെയ്തത് മാത്രമായിരുന്നു ആകെ ‘സമ്പാദ്യം’.
സാമ്പത്തിക സ്രോതസ്സുകൾ യുദ്ധത്തിൽ തകർന്നുകിടക്കുന്ന ഇറാഖ്, ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ 10ാമത് രാജ്യമാണിന്ന്.
2003ലെ യു.എസ് അധിനിവേശത്തിനു പിറകെ പുനരുദ്ധാരണത്തിന് കോടികൾ മുടക്കിയിരുന്നുവെങ്കിലും വീണ്ടും യുദ്ധമെത്തിയേതാടെ പദ്ധതികൾ പാതിവഴിയിൽ മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.