മൂസിൽ മോചിതം; ഇറാഖിനു മുന്നിൽ കടമ്പകളേറെ
text_fieldsബഗ്ദാദ്: മൂന്നു വർഷം മുമ്പ് ആരോരുമറിയാതൊരു നാൾ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരം പിടിച്ച് വരവറിയിച്ച െഎ.എസ് എന്ന ഭീകര സംഘടന പരമാവധി നാശം മാത്രം സമ്മാനിച്ച് ഇറാഖിൽനിന്ന് പിൻവാങ്ങിയിരിക്കുന്നു. ഉരുക്കുകോട്ടയായി കൈവശം വെച്ച മൂസിൽ നഗരം കനത്ത ആക്രമണങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ഇറാഖ് സേന തിരിച്ചുപിടിച്ചതോടെയാണ് ഇറാഖിലെ െഎ.എസ് പതനം പൂർത്തിയായത്. ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽഅബാദി ബഗ്ദാദിൽനിന്ന് ഏറെ അകലെ മൂസിലിലെത്തിയാണ് െഎ.എസ് വീഴ്ച ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. നഗരം തിരിച്ചുപിടിക്കുകയും രാജ്യത്തെവിടെയും െഎ.എസ് നേരിട്ട് വെല്ലുവിളി ഉയർത്തില്ലെന്ന് ഉറപ്പാവുകയും ചെയ്തെങ്കിലും മൂന്നു വർഷം കൊണ്ടുണ്ടായ നാശനഷ്ടങ്ങൾ ഇറാഖ് ഇനി എങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
30 ലക്ഷം വരുന്ന ജനസംഖ്യയിൽ മൂന്നു വർഷം കൊണ്ട് 25 ലക്ഷവും നാടുവിട്ടുപോയ മൂസിൽ അക്ഷരാർഥത്തിൽ പ്രേതനഗരമാണിന്ന്. റോഡുകളും കെട്ടിടങ്ങളും തകർന്നടിഞ്ഞ ഇവിടെ താമസം ദുസ്സഹമായതോടെ മോചനമറിഞ്ഞിട്ടും നാടുവിേട്ടാടുന്ന തിരക്കിലാണ് അവശേഷിച്ച കുടുംബങ്ങൾ. പൈതൃകത്തിെൻറ പ്രൗഢിപേറുന്ന മൂസിൽ നഗരത്തിൽ ഒരു കെട്ടിടം പോലും തകർക്കപ്പെടാതില്ല.
ഒാരോ കുടുംബത്തിലുമുണ്ട് കുരുതിയുടെ ഇരകളായി നിരവധി പേർ. കൽക്കൂമ്പാരമായി മാറിയ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത് നിരവധി മൃതദേഹങ്ങൾ. മരുഭൂമിയെ വലക്കുന്ന പൊള്ളുന്ന ചൂടിൽ മൃതദേഹങ്ങൾ കേടുവന്ന് ദുർഗന്ധം വമിക്കുന്നത് മറ്റൊരു ഭീഷണി. സ്വന്തം കുടുംബാംഗങ്ങൾ എവിടെപ്പോയെന്ന് അറിയാതെ ചിത്തഭ്രമം ബാധിച്ചവരെ പോലെ തെരഞ്ഞുനടക്കുന്നവർ അനവധി. ബോംബിങ്ങിൽ തകർന്ന കെട്ടിടത്തിനകത്തു കുടുങ്ങിയ സഹോദരനെ ഒന്നിലേറെ ദിവസം ഫോണിൽ ലഭിച്ചിരുന്നതായും പിന്നീട് ശബ്ദം നിലച്ചതായും കണ്ണീരോടെ പറയുന്ന അലി എന്ന സ്വദേശി പങ്കുവെക്കുന്നത് ആയിരക്കണക്കിന് കുടുംബങ്ങളുടെ ദൈന്യതയാർന്ന അനുഭവം. നാളുകളെടുത്ത് കെട്ടിടാവശിഷ്ടങ്ങൾ നീക്കിയതിനൊടുവിൽ അലിക്ക് ലഭിച്ചതാകെട്ട സഹോദരെൻറതെന്ന് ഉറപ്പിക്കാൻ പോലുമാകാത്ത ശരീര ഭാഗങ്ങൾ.
ഒമ്പതു മാസം തുടർച്ചയായി യുദ്ധമുഖമായിരുന്ന നഗരത്തിൽ ബോംബ് വീഴാത്തയിടമില്ല. അമേരിക്കയുൾപെടെ സഖ്യകക്ഷിയിലുണ്ടായിരുന്നത് 68 രാജ്യങ്ങൾ. റോഡുകൾ ഗതാഗതയോഗ്യമാക്കാൻ മാത്രം 70,000 കോടി മതിയാകില്ലെന്ന് യു.എൻ പറയുന്നു. നഗരത്തെ പഴയ പടിയിൽ തിരിച്ചുപിടിക്കാൻ ഇതിെൻറ എത്ര ഇരട്ടി കോടികൾ വേണ്ടിവരുമെന്നതിനും നിശ്ചയമില്ല.
ഇതിലേറെ പ്രധാനമാണ് രാജ്യത്ത് രൂക്ഷമായിരിക്കുന്ന സുന്നി-ശിയാ ഭിന്നത. ബഗ്ദാദ് മുതൽ ഡമസ്കസ് വരെ പ്രവിശ്യകളിൽ താമസിക്കുന്നത് സുന്നീ വിശ്വാസികളായ രണ്ടര കോടിയോളം പേരാണ്. ഇവരത്രയും നിലവിലെ സർക്കാറുകളെ അവിശ്വസിക്കുന്നവർ. ഇവരിൽ വിശ്വാസം വളർത്താൻ അബാദി സർക്കാർ കാര്യമായൊന്നും ഇതുവരെ ചെയ്തിട്ടില്ല.
സ്വാഭാവികമായും ഇതിെൻറ തുടർച്ചയായി ആഭ്യന്തര സംഘട്ടനങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ശക്തം. വർഷങ്ങളായി സംഘട്ടനം തുടരുന്നതിനിടെ, വടക്കൻ ഇറാഖിൽ തർക്കത്തിലിരുന്ന 70 ശതമാനം ഭൂമിയും സ്വന്തമാക്കിയ കുർദുകൾ ഇൗ ഭൂമി വിട്ടുനൽകാനുള്ള സാധ്യതയും വിരളം. ഇതിെൻറ പേരിലും ഭാവിയിൽ സംഘട്ടനങ്ങൾക്കു സാധ്യത കാണുന്നവരുമുണ്ട്.
15 വർഷം മുമ്പ് സദ്ദാം ഹുസൈനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് രണ്ടാം അധിനിവേശത്തിനിറങ്ങിയ അമേരിക്കക്ക് ഇറാഖിെൻറ പുതിയ തകർച്ചയിൽ പുതുമയൊന്നുമുണ്ടാകില്ല. എന്നല്ല, പുതിയ ഭിന്നതകളുടെ മറപിടിച്ച് പുതിയ അധിനിവേശങ്ങൾക്ക് കുടപിടിക്കാനുമാവും ശ്രമം. സദ്ദാമിനെ ഇല്ലാതാക്കിയതിനൊടുവിൽ ഇറാഖിൽ എണ്ണഖനനത്തിെൻറ കരാറുകൾ അനായാസമായി അടിച്ചെടുത്ത എക്സൊൺമൊബിൽ കമ്പനിയുടെ അന്നത്തെ മേധാവി റെക്സ് ടില്ലേഴ്സൺ ഇന്ന് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാണെന്നതു ചേർത്തുവായിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.