ജനക്കൂട്ടം തീഗോളമായി ചിതറി; മരവിപ്പു മാറാതെ ഹനീഫ്
text_fieldsഇസ്ലാമാബാദ്: കൺമുന്നിൽ ജനക്കൂട്ടം തീഗോളമായി പൊട്ടിച്ചിതറിയതിെൻറ മരവിപ്പിൽനിന്ന് മുക്തനായിട്ടില്ല അഹ്മദ്പൂർ ഷർക്കിയയിലെ 40കാരനായ മുഹമ്മദ് ഹനീഫ്. പൊള്ളലേറ്റ ശരീരവുമായി ബഹവൽപൂരിലെ വിക്ടോറിയ ആശുപത്രിയിലാണ് മരണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഇൗ ഗ്രാമീണൻ.
ഞായറാഴ്ച പുലർച്ച ബന്ധുവായ റാഷിദ് ഒാടിയെത്തിയാണ് ആ വിവരം പറഞ്ഞത്; തൊട്ടടുത്ത അഹ്മദ്പൂർ ഇൗസ്റ്റ് കെ.പി.എൽ റോഡിൽ ടാങ്കർ മറിഞ്ഞ് പെട്രോൾ ഒഴുകുന്നു. ഗ്രാമീണരെല്ലാം കൈയിൽ കിട്ടിയ പാത്രങ്ങളുമായി അത് കോരിയെടുക്കാൻ ഒാടുകയാണ്. റാഷിദിെൻറ കൈയിലും പാത്രങ്ങളുണ്ടായിരുന്നു. പിന്നെ അമാന്തിച്ചില്ല, ഹനീഫും റാഷിദും പാത്രങ്ങളുമായി പുറത്തേക്കോടി.
ഹനീഫിനു മുന്നിലൂടെ ബൈക്കുകളിൽ ജനം ടാങ്കറിനടുത്തേക്ക് പായുകയായിരുന്നു. മറിഞ്ഞ ടാങ്കറിന് അടുത്തെത്തി കഴിയാവുന്ന പെട്രോൾ ശേഖരിക്കാൻ തിരക്കുകൂട്ടുകയാണ്. ഹനീഫിനും റാഷിദിനും തിരക്കിൽ ടാങ്കറിെൻറ അടുത്തെത്താൻ കഴിഞ്ഞില്ല. പെെട്ടന്ന് വൻ ശബ്ദത്തോടെ തീപടരുന്നതാണ് കണ്ടത്. തൊട്ടുമുന്നിലുണ്ടായിരുന്ന ജനക്കൂട്ടം കത്തിച്ചിതറുന്നത് മരണതുല്യമായ മരവിപ്പോടെയാണ് കണ്ടുനിന്നതെന്ന് ഹനീഫ് ഒാർക്കുന്നു. ടാങ്കറിെൻറ അകലെയായതുകൊണ്ടുമാത്രമാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഹനീഫ് പറയുന്നു. പെേട്രാൾ കോരിയെടുക്കാനുള്ള ഗ്രാമീണരുടെ ആർത്തിയാണ് ഗ്രാമത്തെ ശ്ശമശാനതുല്യമാക്കിയതെന്ന് ഹനീഫ് പറഞ്ഞു.
ടാങ്കറിൽനിന്ന് പെട്രോൾ കോരിയെടുക്കാൻ റംസാൻപൂർ അടക്കമുള്ള സമീപ ഗ്രാമങ്ങളിൽനിന്നുപോലും ജനങ്ങൾ എത്തിയതായി ബഹവൽപൂർ റീജനൽ പൊലീസ് ഒാഫിസർ രാജാ റിഫാത് പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേരാണ് പെേട്രാൾ കോരിയെടുത്തുകൊണ്ടിരുന്നത്.
പൊലീസ് ശ്രമിച്ചിട്ടും ഇവരെ നീക്കാൻ കഴിഞ്ഞില്ല. മറിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. പെട്രോൾ ശേഖരിക്കാനെത്തിയവരുടെ ബൈക്കുകളാണ് കത്തിനശിച്ചവയിലേറെയും. 20 കുട്ടികളടക്കം നൂറിലേറെ പേരാണ് ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നത്. വിക്ടോറിയ ആശുപത്രിയിലടക്കം പലയിടത്തും അഗ്നിബാധ ചികിത്സാസൗകര്യമില്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സമീപ ആശുപത്രികളിലെല്ലാം അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.