ഫിലിപ്പീന്‍സില്‍ ജയില്‍ ആക്രമണം; 160 തടവുകാര്‍ രക്ഷപ്പെട്ടു
text_fieldsമനില: തെക്കന്‍ ഫിലിപ്പീന്‍സിലെ കിദാപാവാന്‍ നഗരത്തില്‍ വിമതസംഘം ജയില്‍ ആക്രമിച്ച് 160ഓളം തടവുകാരെ രക്ഷപ്പെടുത്തി. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. മണിക്കൂറുകളോളം ആക്രമണം നീണ്ടു. പോരാട്ടം നടക്കുന്നതിനിടെയാണ് പൊലീസിന്‍െറ കണ്ണുവെട്ടിച്ച് തടവുകാര്‍ അടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെട്ടത്. അടുത്തിടെ ഫിലിപ്പീന്‍സില്‍ നടക്കുന്ന ഏറ്റവും വലിയ ജയില്‍ചാട്ടമാണിതെന്ന് ജയില്‍ വാര്‍ഡന്‍ പീറ്റര്‍ ജോണ്‍ ബൊങ്ഗാത് പറഞ്ഞു.
മനിലയില്‍നിന്ന് 930 കി.മീ അകലെയാണ് കിദാപാവാന്‍ നഗരം. തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്‍ദാനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘമായ മോറോ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടുമായി ചര്‍ച്ചനടത്താന്‍ തയാറാണെന്ന് പ്രസിഡന്‍റ് റൊഡ്രിഗോ ദുതര്‍തേ അറിയിച്ചിരുന്നു.
തെക്കന്‍ ഫിലിപ്പീന്‍സില്‍ സര്‍ക്കാര്‍ സൈന്യവും ഈ വിമതസംഘവും തമ്മില്‍ പതിറ്റാണ്ടുകള്‍നീണ്ട സായുധകലാപത്തില്‍ ലക്ഷത്തില്‍പരം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മോറോ ജനതക്ക് സ്വയംഭരണം വേണമെന്നാണ് സംഘത്തിന്‍െറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.