ജകാർത്തയിൽ ഗവർണർക്കെതിരെ മതനിന്ദാ കേസ്
text_fieldsജകാർത്ത: ഇന്തോനേഷ്യയിലെ ജകാർത്തയിൽ ഗവര്‍ണർ ബാസുകി ജഹാജ പുർനമക്കെതിരെ മതനിന്ദാ കേസ്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജകാർത്തയിൽ ഗവർണറായി ചുമതലയേൽക്കുന്ന ആദ്യ ക്രിസ്ത്യൻ മതവിശവാസിയാണ് ‘അഹോക്’ എന്ന പേരിലറിയപ്പെടുന്ന പുർനമ.
അമുസ്ലിംകളെ നേതാക്കളായി സ്വീകരിക്കരുതെന്ന് വിശുദ്ധ ഖുറാനിലെ വചനത്തിൽ നിര്‍ദേശിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലർ വോട്ടർമാരെ വഞ്ചിച്ചു എന്നതായിരുന്നു ഗവർണറുടെ പരാമർശം. സെപ്തംബറിൽ ജകാർത്തയിലെ പൊതുവേദിയിവെച്ചാണ് അഹോക് വിവാദപരാമർശം നടത്തിയത്.
കേസ് അന്വേഷണം പൂർത്തിയാക്കുന്നതുവരെ ഗവർണർ രാജ്യം വിട്ട് പുറത്തുപോകരുതെന്ന് പൊലീസ് അറിയിച്ചു. വിചാരണ തുറന്ന കോടതിയിൽ നടത്തുമെന്നും പൊലീസ് പറഞ്ഞു. പുർനമക്കെതിരായ മതനിന്ദാ കേസ് തെളിയക്കപ്പെട്ടാൽ അദ്ദേഹം കുറഞ്ഞത് അഞ്ചു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
മതനിന്ദാ പരാമർശം നടത്തിയ ഗവർണറെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യയില്‍ വന്‍ പ്രക്ഷോഭം നടന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭ റാലികള്‍ അക്രമാസക്തമാവുകയും ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഗവർണർ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും മത്സരിക്കാൻ തയാറെടുക്കുന്നതിനിടെയാണ് പുർനാമക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.