ഫലസ്തീനിക്കുനേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആൾക്കൂട്ട ആക്രമണം
text_fieldsജെറൂസലം: ഫലസ്തീൻ പൗരനുനേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആൾക്കൂട്ട ആക്രമണം. ഫലസ്തീനിലെ ജൂതകുടിയേറ്റ മേഖലയായ ഹെബ്രോനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
തെരുവിലൂടെ നടക്കുകയായിരുന്ന ഇബ്രാഹീം ബദർ എന്നയാളാണ് മർദനത്തിനിരയായത്. ജൂത കുടിയേറ്റക്കാരായ അക്രമികൾ അകാരണമായാണ് ഇദ്ദേഹത്തെ മർദിച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഡിഫൻസ് ഫോഴ്സിലെ (ഐ.ഡി.എഫ്) രണ്ട് സൈനികരെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചതെന്നും വാർത്തയിൽ പറയുന്നു.
സൈനികർ ആവശ്യപ്പെട്ടിട്ടും ആൾക്കൂട്ടം ആദ്യം ഒഴിഞ്ഞുപോകാൻ തയ്യാറായില്ല. പിന്നാലെ കൂടി മർദനം തുടർന്നു. ഒടുവിൽ സൈനികർ അക്രമികളെ ആട്ടിയോടിക്കുകയായിരുന്നു. പ്രാദേശിക പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തിെൻറ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പ്രതികളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്ന് ജെറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പ്രദേശവാസികൾക്കുനേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അക്രമം മേഖലയിൽ പതിവാണ്. നിരവധി പേരാണ് ഇക്കാലയളവിൽ ക്രൂരമർദനത്തിനിരയായത്.
കുടിയേറ്റക്കാരുടെ അക്രമം സൈനികരെ പ്രയാസത്തിലാക്കുന്നു -ഇസ്രായേൽ ധനമന്ത്രി
ഹെബ്രോനിൽ ജൂത കുടിയേറ്റക്കാർ അക്രമത്തിൽ ഏർപ്പെടുന്നത് ഇസ്രായേൽ സൈനികരെ പ്രയാസത്തിലാക്കുന്നതായി ഇസ്രായേൽ ധനമന്ത്രി അമീർ പെരറ്റ്സ്. അക്രമികൾക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് കൃത്യമായ രീതിയിൽ അന്വേഷിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻറ്സ് ട്വീറ്റ് ചെയ്തു. സാധാരണക്കാരുടെ സുരക്ഷയ്ക്കായി ഐ.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമികളിൽ നിന്ന് ഇബ്രാഹീമിനെ രക്ഷിച്ച സൈനികരെ രണ്ട് മന്ത്രിമാരും അഭിനന്ദിച്ചു.
അതേസമയം, ഇബ്രാഹിം ബദർ പ്രകോപിപ്പിച്ചതിനാലാണ് അക്രമണം നടന്നതെന്ന് ജൂത കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന അറ്റോർണി ഇറ്റമാർ ബെൻ ഗ്വിർ ആരോപിച്ചു. ചില ഹെബ്രോൻ അറബികൾ ജൂതന്മാരെ പ്രകോപിപ്പിച്ച് ഫോട്ടോയെടുക്കുന്ന തന്ത്രം പരയോഗിക്കുകയാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.