ജൂതരാഷ്ട്രം: ഇസ്രായേൽ ഇനി സമ്പൂർണ വംശീയ ഭരണത്തിലേക്ക്
text_fieldsതൽഅവീവ്: രൂപവത്കരണത്തിെൻറ 70ാം വാർഷികാഘോഷം പൂർത്തിയായതിനു പിറകെ ഇസ്രായേലിനെ സമ്പൂർണസയണിസ്റ്റ് രാഷ്ട്രമായി പ്രഖ്യാപിച്ച ഇസ്രായേൽ തീരുമാനം ദക്ഷിണാഫ്രിക്കയിൽ നിലനിന്ന അപാർത്തീഡിനു തുല്യമെന്ന് വിമർശനം. ഫലസ്തീൻ പ്രശ്നം പരിഹരിക്കാൻ ലോക രാഷ്ട്രങ്ങൾ മധ്യസ്ഥ നീക്കവുമായി മുന്നിൽനിൽക്കുന്നതിനിടെയാണ് എല്ലാം അപകടത്തിലാക്കി ഇസ്രായേൽ നീക്കം. പ്രശ്ന പരിഹാരത്തിെൻറ മാർഗങ്ങൾ അടച്ചുകളയുന്നതാണ് പുതിയ നിയമ നിർമാണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശകാര്യ മേധാവി ഫെഡറിക മൊഗ്രിനി പറഞ്ഞു.
ജനാധിപത്യത്തിെൻറ മരണമാണിതെന്ന് ഫലസ്തീനി എം.പിമാർ അഭിപ്രായപ്പെട്ടു. ജൂത വിഭാഗങ്ങൾക്ക് മേധാവിത്വം നൽകുന്ന നിയമം ഫലസ്തീനികളെ രണ്ടാംകിട പൗരന്മാരായാണ് കാണുന്നതെന്ന് അവർ കുറ്റപ്പെടുത്തി. വംശീയ പക്ഷപാതമുള്ള രാഷ്ട്രീയത്തെയാണ് പിന്തുടരുക. അന്താരാഷ്ട്ര നിയമമനുസരിച്ച് നിരോധിക്കപ്പെട്ട വർണവിവേചനത്തിെൻറ ഘടകങ്ങളാണ് നിയമത്തിെൻറ ആധാരം. തത്ത്വത്തിൽ ഫലസ്തീനികളുടെ നിലനിൽപ് കൂടുതൽ പരിതാപകരമാകും.
90 ലക്ഷമാണ് ഇസ്രായേലിലെ ജനസംഖ്യ. 18 ലക്ഷം ഫലസ്തീനികൾ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ആകെ ജനസംഖ്യയുടെ 20 ശതമാനം വരുമിത്. ബില്ലിെൻറ കരട് പാർലമെൻറിൽ അവതരിപ്പിച്ചപ്പോഴും രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും വൻ വിമർശനം നേരിട്ടിരുന്നു. നിയമം പ്രാബല്യത്തിലാകുന്നതോടെ കോടതികളും മറ്റ് സർക്കാർ സംവിധാനങ്ങളും ജൂതരുടെ നിയന്ത്രണത്തിലാകും. ബിൽ കഴിഞ്ഞാഴ്ചതന്നെ പാസാക്കാനുള്ള ശ്രമത്തിലായിരുന്നു നെതന്യാഹു. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കില്ലെന്നു പറഞ്ഞ ബിന്യമിൻ നെതന്യാഹു എന്നാൽ, ഭൂരിപക്ഷത്തിനാണ് കാര്യങ്ങൾ നിശ്ചയിക്കാനുള്ള അധികാരമെന്നും വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. കിഴക്കൻ റഫയിൽ ഇസ്രായേൽ പോർവിമാനങ്ങളാണ് തീതുപ്പിയത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.