കാബൂൾ ഗുരുദ്വാര ആക്രമണ സംഘത്തിലെ ഒരാൾ കാസർകോട് സ്വദേശിയെന്ന്
text_fieldsന്യൂഡൽഹി: കാബൂളിലെ സിഖ് ഗുരുദ്വാരയിൽ ഭീകരാക്രമണം നടത്തിയ നാലു പേരിൽ ഒരാൾ മലയാളിയെന്ന് വെളിപ്പെടുത്തൽ. അക്രമികളുടെ ചിത്രം വെള്ളിയാഴ്ച ഭീകര സംഘടനയായ ഐ.എസ് പുറത്തുവിട്ടിരുന്നു. ഇതിൽ അബു ഖാലിദ് അൽ ഹിന്ദി എന്നയാൾ കാസർകോട് പടന്ന സ്വദേശി മുഹമ്മദ് സാജിദ് ആണെന്ന് വാർത്ത ഏജൻസിയെ ഉദ്ധരിച്ച് ''ലൈവ് മിന്‍റ് " റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച നടന്ന ഗുരുദ്വാര ആക്രമണത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്.
2016ൽ ഐ.എസിൽ ചേരാൻ പോയ സാജിദ് എൻ.ഐ.എ അന്വേഷിക്കുന്നയാളാണ്. ഇൻറർപോളിന്റെ റെഡ് അലർട്ടും ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരി ച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കാസർകോട് പടന്നയിൽ കട നടത്തിയിരുന്ന 30കാരനാണ് സാജിദ്. മുംബൈയിലേക്ക് പോയി രണ്ട് മാസമായിട്ടും സാജിദിനെ കാണാനില്ലെന്ന് കാട്ടി 2016 ജൂലൈയിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.
അബ്ദുൽ റഷീദ്, ഭാര്യ ആയിഷ എന്ന സോണിയ സെബാസ്റ്റ്യൻ, കുട്ടി എന്നിവരും സാജിദും അടക്കം 14 പേരെ ആ പ്രദേശത്തു നിന്ന് കാണാതായി എന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഐ.എസിൽ ചേരാൻ അഫ്ഗാനിസ്താനിലേക്ക് പോയതാണെന്ന് വിവരം ലഭിക്കുന്നത്.
ബീഹാർ സ്വദേശിനിയും ഡൽഹി ഒഖ്ല ജാമിഅ നഗർ ബട്ല ഹൗസ് നിവാസിയുമായ യാസ്മിൻ മുഹമ്മദ് സാഹിദ് (29) ഇതിന് റഷീദിനെയും കൂട്ടരെയും സഹായിച്ചതായും കേരള പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുമായി അഫ്ഗാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 2016 ആഗസ്റ്റ് ഒന്നിന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാസ്മിൻ പിടിയിലായതോടെ കേസ് എൻ.ഐ.എ ഏറ്റെടുത്തു.
2015 മുതൽ ഐ.എസിന്റെ പ്രവർത്തനങ്ങൾ റഷീദും യാസ്മിനും ഇന്ത്യയിൽ നടത്തിയിരുന്നെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് റഷീദിനൊപ്പം സാജിദ് അടക്കമുള്ളവർ ഐ.എസിൽ ചേരാൻ അഫ്ഗാനിലെ നൻഗർഹർ പ്രവിശ്യയിലേക്ക് പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
നൻഗർഹർ പ്രവിശ്യയിലെ ഐ.എസ് ഭീകരരെയെല്ലാം ഇല്ലായ്മ ചെയ്തെന്ന് നാറ്റോയും അഫ്ഗാൻ സേനയും അവകാശപ്പെടുന്നുണ്ടെങ്കിലും സാജിദ് അടക്കമുളളവർ രക്ഷപ്പെട്ടെന്നാണ് പുതിയ സൂചനകളിൽ നിന്ന് മനസിലാകുന്നതെന്ന് എൻ.ഐ.എ ഉന്നത കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. കാബൂൾ ഗുരുദ്വാര ആക്രമണത്തിൽ ഉൾപ്പെട്ടത് സാജിദ് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിന് അന്വേഷണ സംഘം കാസർകോട്ടെ വീട്ടിലെത്തി അന്വേഷണം നടത്തിയെന്നാണ് സൂചന.
ആയിഷ എന്ന സോണിയ സെബാസ്റ്റ്യനും കൊല്ലം സ്വദേശി ഫാത്തിമയെന്ന നിമിഷയും തങ്ങൾക്ക് കേരളത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച് കഴിഞ്ഞയാഴ്ച വിഡിയോ സന്ദേശം അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.