ഗസ്സയിലെ ഇസ്രായേൽ ആക്രമണം: മരണം 60; വ്യാപക പ്രതിഷേധം
text_fieldsഗസ്സ സിറ്റി: ഇസ്രായേലിലെ യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ ഫലസ്തീനികൾ നടത്തിയ പ്രതിഷേധം അടിച്ചമർത്താൻ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. സൈന്യം പ്രയോഗിച്ച കണ്ണീർവാതകം ശ്വസിച്ച് മരിച്ച പിഞ്ചുകുഞ്ഞ് അടക്കം 16 വയസ്സിൽ താഴെയുള്ള എട്ട് പേരും കൊല്ലപ്പെട്ടവരിൽപെടുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എട്ട് മാസം പ്രായമുള്ള ലൈല അൻവർ അൽഗാൻദൂർ ആണ് മരിച്ചത്. 2,700 ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിെൻറ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമായി. ന്യൂയോർക്കിലും ഇസ്തംബൂളിലും ജക്കാർത്തയിലും റാലികൾ അരങ്ങേറി. ഇസ്രായേൽ അംബാസഡറോട് രാജ്യംവിടാൻ തുർക്കി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഫലസ്തീനികളെല്ലാം ഭീകരരാണെന്ന് പറഞ്ഞ ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി ബെൽജിയം വിദേശകാര്യ മന്ത്രി അതൃപ്തി അറിയിച്ചു.
2014ൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിനുശേഷം ഒരു ദിവസം ഇത്ര കനത്ത ആക്രമണം ആദ്യമായിരുന്നു. ഒരു ദിവസം ഇത്രയധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നതും മൂന്നു വർഷത്തിനിടെ ആദ്യമാണ്. 1948ൽ ഇസ്രായേൽ രൂപവത്കരണത്തിനായി തങ്ങളുടെ ജന്മനാട്ടിൽനിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കിയവരെ തിരിച്ചെത്തിക്കുക എന്ന മുദ്രാവാക്യവുമായി ഫലസ്തീനികൾ ആചരിക്കുന്ന നഖബയുടെ (മഹാദുരന്തം) 70ാം വാർഷികദിനമായ ചൊവ്വാഴ്ച ഗസ്സയിലെ വിവിധ ഭാഗങ്ങളിലും വെസ്റ്റ് ബാങ്കിലും പ്രതിഷേധങ്ങൾ നടന്നു.
നഖബയുടെ 70ാം വാർഷികത്തോടനുബന്ധിച്ച് മാർച്ച് 30 മുതൽ ഫലസ്തീനികൾ പ്രക്ഷോഭത്തിലാണ്. ഇതിനെതിരെ ഇസ്രായേൽ പലവട്ടം ആക്രമണം നടത്തിയതിൽ 90ഒാളം പേർ കൊല്ലപ്പെടുകയും 10,000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ എംബസി മാറ്റം ഉണ്ടായതോടെ തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഫലസ്തീനികൾ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ അതിർത്തിക്കടുത്ത് പ്രതിഷേധം ശക്തമാക്കിയപ്പോൾ സൈന്യം കനത്ത ആക്രമണം നടത്തുകയായിരുന്നു.
ഇസ്രായേലിെൻറ അതിക്രമത്തിനെതിരെ ഇനിയും നിശ്ശബ്ദരായിരിക്കാൻ സാധിക്കില്ലെന്ന് ഹമാസ് വക്താവ് ഖലീൽ അൽ ഹയ്യ മുന്നറിയിപ്പ് നൽകി. മറ്റു ചെറുത്തുനിൽപ് സംഘങ്ങളും തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേൽ കൂട്ടക്കൊലയിൽ പ്രതിേഷധിച്ച് ചൊവ്വാഴ്ച വെസ്റ്റ്ബാങ്കിൽ പൊതുപണിമുടക്കിന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.