ഒമ്പതുവർഷത്തിന് ശേഷം ലബനാൻ ജനത പോളിങ്ബൂത്തിലെത്തി
text_fieldsബൈറൂത്: ഒമ്പതുവർഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു ശേഷം പാർലമെൻറ് തെരഞ്ഞെടുപ്പിനായി ലബനാൻ ജനത പോളിങ്ബൂത്തിലെത്തി. 128 അംഗ പാർലമെൻറ് സീറ്റിലേക്ക് 583 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വോട്ടർമാർക്ക് രണ്ടു വോട്ടുകൾ രേഖപ്പെടുത്താം.
ജില്ലകളുടെ എണ്ണം കുറച്ച് ആനുപാതിക വോെട്ടടുപ്പ് സമ്പ്രദായമാണ് ആവിഷ്കരിച്ചിട്ടുള്ളത്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കായി പകുതിസീറ്റ് മാറ്റിവെച്ചിട്ടുണ്ട്. പ്രസിഡൻറ്, പ്രധാനമന്ത്രി, സ്പീക്കർ എന്നീ പദവികളിലേക്ക് വ്യത്യസ്ത മതവിഭാഗക്കാരെയാണ് നോമിനേറ്റ് ചെയ്യുന്നത്. അഭയാർഥികളുടെ രാജ്യം കൂടിയാണ് ലബനാൻ. കൊല്ലപ്പെട്ട പ്രധാനമന്ത്രി റഫീഖ് ഹരീരി സ്ഥാപിച്ച ഫ്യൂച്ചർ മൂവ്മെൻറ്, ക്രിസ്ത്യൻ വിഭാഗത്തിെൻറ പാട്രിയോട്ടിക് മൂവ്മെൻറ്, ഹിസ്ബുല്ല, പ്രോഗ്രസിവ് സോഷ്യലിസ്റ്റ് പാർട്ടി, അർമീനിയൻ റെവലൂഷനറി ഫെഡറേഷൻ, അമാൽ മൂവ്മെൻറ് എന്നിവയാണ് പ്രധാന കക്ഷികൾ.
38 ലക്ഷം വോട്ടർമാരാണുള്ളത്. അതിൽ ഏഴുലക്ഷം പേർ പുതിയ വോട്ടർമാരാണ്. 6800 പോളിങ് സ്റ്റേഷനുകളാണ് ഇവർക്കായി ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷക്കായി ശനിയാഴ്ച മുതൽ രാജ്യത്തുടനീളം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം മൂലം ലബനാനിൽ രണ്ടു വർഷം പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പാർലമെൻറ് കാലാവധി നീട്ടുകയായിരുന്നു. പ്രവാസികൾക്കും ഇക്കുറി വോട്ടവകാശമുണ്ട്. അവർ നേരത്തേ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
പാർലമെൻറിൽ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഹിസ്ബുല്ല. സൗദി, ഇൗജിപ്ത്, യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലാണ് പ്രവാസി വോട്ടർമാരുള്ളത്. 2016 ഡിസംബറിലാണ് നിലവിലെ സർക്കാർ രൂപവത്കരിച്ചത്. അഴിമതി, താറുമാറായ സാമ്പത്തികനില, വൈദ്യുതിക്ഷാമം എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികൾ. ഇസ്രായേലിെൻറ ആക്രമണത്തിലും 1975 മുതൽ 1990 വരെ നീണ്ട ആഭ്യന്തരയുദ്ധത്തിലുമാണ് താപ വൈദ്യുതി നിലയങ്ങൾ തകർന്നത്. വൈദ്യുതിക്ഷാമം രൂക്ഷമായതിനാൽ ഗ്രാമങ്ങളിലും നഗരങ്ങളിലും വെള്ളമെത്തിക്കാൻ സാധിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.