വ്യാജ വാഗ്ദാനങ്ങൾ പ്രസിദ്ധീകരിച്ച് മടുത്തു; വാർത്തയില്ലാതെ പുറത്തിറങ്ങി ലബനാൻ പത്രം
text_fieldsബൈറൂത്: വ്യാഴാഴ്ച ലബനാനിലെ ഏറ്റവും പഴക്കമേറിയ അൽനഹാർ പത്രം കണ്ട് വായനക്കാർ ഞെട്ടി. സ്തോഭജനകമായ വാർത്ത കാരണമല്ല ഞെട്ടൽ. മറിച്ച് എട്ട് പേജ് പത്രം മുഴുവൻ ശൂന്യമായതാണ് വായനക്കാരെ അത്ഭുതപ്പെടുത്തിയത്. തലക്കെട്ടല്ലാതെ ഒരു പേജിലും ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നീക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇൗ അസാധാരണ നടപടി.
അഞ്ചുമാസമായി രാജ്യത്ത് മന്ത്രിസഭ രൂപവത്കരിക്കാൻ കഴിയാത്ത രാഷ്ട്രീയ അവസ്ഥ തുടരുകയാണ്. അതിനാൽ സാമ്പത്തിക സഹായങ്ങൾ പലതും സ്വീകരിക്കാൻ കഴിയാതെ രാജ്യം പ്രതിസന്ധിയിലുമാണ്. ഇൗ സാഹചര്യത്തിൽ അധികാരികളുടെ കണ്ണു തുറപ്പിക്കാനാണ് ലോക പത്രചരിത്രത്തിലെതന്നെ അപൂർവ പ്രതിഷേധത്തിന് തയാറായതെന്ന് ചീഫ് എഡിറ്റർ നൈല അൽതൂനി പത്രസമ്മേളനത്തിൽ പറഞ്ഞു.
പറഞ്ഞകാര്യങ്ങൾതന്നെ വീണ്ടും വീണ്ടും പറഞ്ഞും വ്യാജ വാഗ്ദാനങ്ങൾ പ്രസിദ്ധീകരിച്ചും മടുത്തു. രാജ്യത്തിെൻറ ദുരന്തസമാനമായ അവസ്ഥയിൽ പത്രത്തിെൻറ ധാർമികമായ ബാധ്യതയെന്ന നിലയിലാണ് ഇൗ പ്രതിഷേധം -അവർ കൂട്ടിച്ചേർത്തു. 1933ൽ ആരംഭിച്ച അൽനഹാർ ലബനാനിലെ ഏറ്റവും പഴക്കമേറിയ പത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.