ലിബിയയിൽ അഭയാർഥികേന്ദ്രത്തിൽ വ്യോമാക്രമണം; 40 മരണം
text_fieldsബെങ്കാസി: ലിബിയയിൽ അഭയാർഥികെളയും കുടിയേറ്റക്കാരെയും പാർപ്പിച്ച കേന്ദ്രത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ തലസ്ഥാനമായ ട്രിപളിയിലാണ് സംഭവം. 80േലറെ പേർക്ക് പരിക്കേറ്റതായി ലിബിയൻ അടിയന്തര വൈദ്യസേവന വിഭാഗം വക്താവ് മാലിക് മെർസിക് പറഞ്ഞു. വിമത സൈനിക ജനറൽ ഖലീഫ ഹഫ്തറിെൻറ ലിബിയൻ നാഷനൽ ആർമിയാണ് ആക്രമണത്തിനു പിന്നിലെന്ന് ഐക്യരാഷ്്ട്രസഭ പിന്തുണയുള്ള ദേശീയ സഖ്യസർക്കാർ ആരോപിച്ചു.
തജൗറ മേഖലയിൽ സൈനിക ക്യാമ്പിനു സമീപമുള്ള കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. സുഡാൻ, എരിത്രിയ, സോമാലിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള 150ഓളം പുരുഷന്മാരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. ഹഫ്തറിെൻറ വ്യോമസേന കമാൻഡർ മുഹമ്മദ് അൽ മൻഫൂറിെൻറ പ്രസ്താവനക്ക് തൊട്ടുടനെയാണ് ആക്രമണമെന്നതിനാൽ, സംഭവത്തിെൻറ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം അവർക്കാണെന്ന് ആഭ്യന്തര മന്ത്രി ഫതി ബഷഗ ഔദ്യോഗിക റേഡിയോ അൽ വസതിനോട് പറഞ്ഞു. ട്രിപളിയെ മോചിപ്പിക്കാനുള്ള ‘പരമ്പരാഗത ഉപാധികൾ’ ദുർബലമായ സാഹചര്യത്തിൽ ബോംബാക്രമണത്തിലേക്ക് തിരിയുകയാണെന്നും യുദ്ധ മേഖലയിൽനിന്ന് ജനങ്ങൾ മാറിനിൽക്കണെമന്നും തിങ്കളാഴ്ച മൻഫൂർ ആവശ്യപ്പെട്ടിരുന്നു. വ്യോമാക്രമണം നടന്ന അഭയാർഥി കേന്ദ്രത്തിലെ കാഴ്ചകൾ കരളലിയിക്കുന്നതാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അഭയാർഥികേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്ന ആരോപണം ഹഫ്തർ സേന വക്താവ് നിഷേധിച്ചു. ആക്രമണത്തെ ആഫ്രിക്കൻ യൂനിയൻ അപലപിച്ചു. സംഭവത്തിെൻറ ഉത്തരവാദികളെ പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, ട്രിപളി കീഴടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏപ്രിലിലും ഇതേ കേന്ദ്രത്തിനു നേരെ ഹഫ്തർ സേന ആക്രമണം നടത്തിയിരുന്നു.
അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും ഇറ്റലിയിലേക്ക് കടക്കാനുള്ള പ്രധാന മുനമ്പാണ് ലിബിയ. അനധികൃതമായി കടൽവഴി ഇറ്റലിയിലേക്ക് കുടിയേറാനുള്ള ശ്രമം യൂറോപ്യൻ യൂനിയെൻറ പിന്തുണയോടെ ലിബിയൻ തീരസേന തടയാറുണ്ട്. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തിൽ പിടിയിലായി ലിബിയൻ സർക്കാറിെൻറ അഭയാർഥികേന്ദ്രത്തിൽ കഴിയുന്നത്. ട്രിപളിയുടെ കിഴക്കുള്ള തജൗറയിൽ ലിബിയൻ ദേശീയ സഖ്യ സർക്കാർ സേനയുടെ ഒട്ടേറെ ക്യാമ്പുകളുണ്ട്.
ലിബിയയുടെ കിഴക്കും തെക്കുമുള്ള ഭൂരിഭാഗം മേഖലയും ഹഫ്തർ സേനയുടെ നിയന്ത്രണത്തിലാണ്. എന്നാൽ തലസ്ഥാനമായ ട്രിപളി കീഴടക്കാൻ മൂന്നുമാസമായി നടത്തുന്ന ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. ട്രിപളിയിലേക്കുള്ള നീക്കത്തിെൻറ പ്രധാനകേന്ദ്രമായ ഗർയൻ, അടുത്തിടെ ഔദ്യോഗിക സേന തിരിച്ചുപിടിച്ചത് ഹഫ്തർ സേനക്ക് കനത്ത തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.