ശ്രീലങ്കയിലെ രാഷ്ട്രീയ അട്ടിമറി; ആശങ്കയോടെ ഇന്ത്യ
text_fieldsകൊളംബോ: പതിറ്റാണ്ടുകാലം ശ്രീലങ്ക ഭരിച്ച മഹിന്ദ രാജപക്സ അധികാരത്തിൽ തിരിച്ചെത്തുമെന്ന് നിരവധി തവണ അഭ്യൂഹങ്ങളുയർന്നിരുന്നു. അത് എപ്പോഴായിരിക്കും എന്നുമാത്രമാണ് ജനങ്ങൾക്ക് അറിയാനുണ്ടായിരുന്നത്. രാജപക്സയുടെ തിരിച്ചുവരവ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലക്ഷക്കണക്കിന് ഡോളറുകളുെട വ്യാപാരബന്ധത്തിനും തിരിച്ചടിയാകും. 2015ൽ രാജപക്സയെ അധികാരത്തിൽനിന്നു പുറത്താക്കാൻ മൈത്രിപാല സിരിസേനയും റനിൽ വിക്രമസിംഗെയും ഒന്നിച്ചതിനു പിന്നിൽ ഇന്ത്യയുടെ കൈകളുമുണ്ട്.
ചൈനക്ക് ശ്രീലങ്കയിൽ സ്വാധീനമുറപ്പിക്കാൻ അവസരം നൽകിയതു മുതൽ തുടങ്ങിയതാണ് രാജപക്സയോടുള്ള ഇന്ത്യൻ വിരോധം. വൻകിട തുറമുഖം നിർമിക്കാൻ രാജപക്സയുടെ സ്വദേശമായ ഹമ്പൻതോട്ട രാജപക്സ ചൈനക്ക് 99 വർഷത്തേക്ക് പാട്ടത്തിനു നൽകി. 30ഒാളം പദ്ധതികളിലായി രാജപക്സയുടെ കാലത്ത് ശതലക്ഷക്കണക്കിനു ഡോളറാണ് ശ്രീലങ്കയിൽ ചൈന മുതൽമുടക്കിയത്. നിരവധി ഹൈവേകൾ നിർമിച്ചു.
കൊളംബോ തുറമുഖത്തിെൻറ വികസനവും ചൈനയുടെ നിയന്ത്രണത്തിലായിരുന്നു. അവിടെ ചൈനീസ് കപ്പലുകൾക്ക് സ്ഥിരമായി നങ്കൂരമിടാൻ അവസരവും ലഭിച്ചു. വൈകാതെ ചൈനയുടെ വളർത്തുരാജ്യമായി ശ്രീലങ്ക മാറി. ഇന്ത്യയുടെ പ്രതിഷേധങ്ങൾ രാജപക്സ കണ്ടില്ലെന്നു നടിച്ചു. ചൈനയുടെ ഇൗ ഇടപെടലുകളാണ് ഇന്ത്യയെ ആധിപിടിപ്പിക്കുന്നത്.
ശ്രീലങ്കയിൽ പഴയ ഇന്ത്യവിരുദ്ധത അടുത്തിടെ വീണ്ടും തലെപാക്കിത്തുടങ്ങിയിരുന്നു. കിഴക്കൻ കണ്ടെയ്നർ ടെർമിനൽ ഇന്ത്യക്കു നൽകില്ലെന്ന് കഴിഞ്ഞാഴ്ച ശ്രീലങ്കൻ തുറമുഖമന്ത്രി മഹിന്ദ സമരസിംഗെ പ്രഖ്യാപിച്ചു. കണ്ടെയ്നർ കൈമാറാമെന്ന 2017ലെ കരാറിനു കടകവിരുദ്ധമാണിത്. ശ്രീലങ്കൻ സ്വത്തുക്കൾ പുറംരാജ്യങ്ങൾക്ക് വിൽപന നടത്തില്ലെന്ന് അടുത്തിടെ സിരിസേന പ്രഖ്യാപിക്കുകയും ചെയ്തു.
മൂന്നുമാസത്തിനുള്ളിലാണ് ശ്രീലങ്കൻ ഭരണകക്ഷിയിൽ പ്രതിസന്ധി രൂക്ഷമായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റെനിൽ വിക്രമസിംഗെ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ തന്നെ വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിരിസേന രംഗത്തുവന്നിരുന്നു. അത് കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് രാഷ്ട്രീയ അട്ടിമറി. സിരിസേനയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരൻ ജയിൽശിക്ഷ അനുഭവിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.