യമീെൻറ അനുയായികളിൽനിന്ന് ഭീഷണി; മാലദ്വീപ് തെരഞ്ഞെടുപ്പ് കമീഷണർമാർ രാജ്യം വിട്ടു
text_fieldsമാലെ: വോെട്ടടുപ്പിൽ കൃത്രിമം നടന്നതായി പ്രസിഡൻറ് അബ്ദുല്ല യമീൻ ആരോപിച്ചതിനു പിന്നാലെ മാലദ്വീപിലെ അഞ്ചിൽ നാല് തെരഞ്ഞെടുപ്പ് കമീഷണർമാർ രാജ്യംവിട്ടു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയം നേരിട്ട അബ്ദുല്ല യമീൻ കൃത്രിമം നടന്നതായി ആരോപിച്ച് ബുധനാഴ്ച കോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച ഹരജി പരിഗണിച്ച കോടതി, വാദംകേൾക്കൽ ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കയാണ്. അതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ രാജ്യംവിടൽ.
യമീെൻറ അനുയായികളിൽനിന്ന് ഭീഷണി നേരിടുന്ന സാഹചര്യമുണ്ടെന്ന് മുഖ്യകമീഷണർ അഹമ്മദ് ശരീഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രതിപക്ഷത്തിെൻറ കൈക്കൂലി സ്വീകരിച്ച് തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയതായി വീടിനു മുന്നിലെത്തി പ്രസിഡൻറിെൻറ അനുയായികൾ ആരോപിച്ചെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം, യമീൻ പരാജയം അംഗീകരിക്കാതെ അധികാരത്തിൽ കടിച്ചുതൂങ്ങുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ സഖ്യം പ്രസ്താവനയിൽ ആരോപിച്ചു.
സെപ്റ്റംബർ 23ന് നടന്ന തെരഞ്ഞെടുപ്പിൽ 16 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രതിപക്ഷനേതാവ് ഇബ്രാഹിം മുഹമ്മദ് സാലിഹ് വിജയിച്ചത്. സുതാര്യമായി നടന്ന തെരഞ്ഞെടുപ്പ് യു.എസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ശരിവെക്കുകയും ചെയ്തു. ഫലം പുറത്തുവന്ന് പിറ്റേന്ന് യമീൻ പരാജയം അംഗീകരിച്ചെങ്കിലും വ്യാപക ക്രമക്കേട് നടത്തിയാണ് പ്രതിപക്ഷം മുന്നിലെത്തിയതെന്ന ആരോപണങ്ങളുമായി പിന്നീട് രംഗത്തുവരുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ യു.എസ് മുന്നറിയിപ്പ് നൽകി. അബ്ദുല്ല യമീെൻറ നീക്കത്തിനെതിരെ ആവശ്യമായ നടപടികളെടുക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.