മാലദ്വീപ് തെരഞ്ഞെടുപ്പ്: ചുവടുറപ്പിച്ച് യമീൻ
text_fieldsമാലെ: ദ്വീപ്രാഷ്ട്രമായ മാലദ്വീപിൽ 260,000 വോട്ടർമാർ ഇന്ന് വിധി നിർണയിക്കും. ജനാധിപത്യത്തെ കശാപ്പുചെയ്ത് ഏകാധിപത്യത്തിലേക്ക് വഴിതുറക്കാനിടയാക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറുമോ എന്നാണ് ലോകം ആശങ്കയോടെ വീക്ഷിക്കുന്നത്. ഇന്ത്യയും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്. പ്രോഗ്രസീവ് പാർട്ടി ഒാഫ് മാലദ്വീപിെൻറ(പി.പി.എം) ബാനറിൽ നിലവിലെ പ്രസിഡൻറ് അബ്ദുല്ല യമീൻ രണ്ടാമൂഴം തേടി മത്സരിക്കുന്നുണ്ട്. യമീനെ നേരിടുന്നത് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയാണ്(എം.ഡി.പി). 30 വർഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യംകുറിച്ച് 2008ൽ ജനാധിപത്യരീതിയിൽ അധികാരത്തിലേറിയ മുഹമ്മദ് നശീദിനെ അട്ടിമറിച്ചാണ് 2012ൽ 59കാരനായ യമീൻ ഭരണം ഏറ്റെടുത്തത്. 2015ൽ ഭീകരവിരുദ്ധക്കുറ്റം ചുമത്തി നശീദിനെ ജയിലിലടക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം ശ്രീലങ്കയിൽ പ്രവാസജീവിതം നയിക്കുകയാണ്.
മാലദ്വീപിനെ സാമ്പത്തികാഭിവൃദ്ധിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്ന ദേശീയവാദിയായാണ് യമീൻ ജനങ്ങൾക്കു മുന്നിൽ സ്വയം അവതരിപ്പിക്കുന്നത്. അതിലേക്കുള്ള ചുവടുവെപ്പാണ് നിർമാണം പൂർത്തിയായ, മാലദ്വീപിനെ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രണ്ടു കി.മീ. നീളമുള്ള പാലം എന്നാണ് അവകാശവാദം. ഇൗ പദ്ധതികൾക്കെല്ലാം വായ്പ നൽകി സഹായിക്കുന്നത് ചൈനയാണ്. 12.6 കോടി ഡോളറാണ് പാലത്തിെൻറ നിർമാണത്തിനു ചെലവിട്ടത്. മാലദ്വീപിെൻറ മൊത്ത ആഭ്യന്തര ഉൽപാദനത്തെക്കാൾ കൂടുതലാണ് കടബാധ്യത. ചൈനയുടെ സ്വാധീനം വർധിച്ചേതാടെ പടിഞ്ഞാറൻ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ രാജ്യം വിടേണ്ടിവരുമെന്ന ആശങ്കയിലാണ് താനും. എതിർക്കുന്നവരെ ഒന്നടങ്കം ജയിലിലടക്കുന്ന സമീപനമാണ് യമീേൻറത്. ഇൗ വർഷം ഫെബ്രുവരിയിൽ നശീദ് ഉൾപ്പെടെ ജയിലിൽ കഴിയുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയക്കണമെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് രാജ്യത്തു നടന്ന കോലാഹലങ്ങൾ ഒാർക്കുക. രാജ്യത്ത് 45 ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യമീൻ വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ടു ജഡ്ജിമാർക്ക് ജയിൽശിക്ഷ വാങ്ങിക്കൊടുക്കാനും മറന്നില്ല. പ്രതിസന്ധി രൂക്ഷമായതോടെ നശീദ് ഇന്ത്യയുടെയും യു.എസിെൻറയും സഹായം തേടുകയും ചെയ്തു.
യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ് യമീെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനം. രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമംനടത്തിയാൽ ഉപരോധം ചുമത്തുമെന്ന ഭീഷണിയുമായി യു.എസും യൂറോപ്യൻ യൂനിയനും പിന്നാലെയുണ്ട്. യു.എസും യൂറോപ്യൻ യൂനിയനും ഇക്കുറി തെരഞ്ഞെടുപ്പ് നിരീക്ഷകരെ അയക്കുന്നില്ല. 2013ൽ നേരിയ േവാട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യമീൻ അധികാരത്തിലേറിയത്. ഇക്കുറി ആ ഭൂരിപക്ഷം പോലുമുണ്ടാകില്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ.
നശീദിെൻറ അഭാവത്തിൽ ഇബ്രാഹീം മുഹമ്മദ് സാലിഹ് ആണ് പ്രതിപക്ഷ പ്രസിഡൻറ് സ്ഥാനാർഥി. പാർലമെൻറംഗമാണ് അദ്ദേഹം. ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും യമീനെതിരായ അഴിമതിയാരോപണങ്ങൾ അന്വേഷിക്കുമെന്നുമാണ് അദ്ദേഹത്തിെൻറ വാഗ്ദാനങ്ങൾ. പൊതുടെൻഡർ വിളിക്കാതെ ബിസിനസുകാരന് രണ്ടു ദ്വീപുകൾ വാങ്ങാൻ യമീൻ വഴിവിട്ടു സഹായം നൽകിയെന്നാണ് ആരോപണങ്ങളിലൊന്ന്. പ്രത്യുപകാരമായി സിംഗപ്പൂരിലെ ശതകോടീശ്വരനിൽനിന്ന് സമ്മാനങ്ങൾ കൈപ്പറ്റിയതായുമുള്ള റിപ്പോർട്ട് അഴിമതിവിരുദ്ധ സമിതി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.