മാലദ്വീപിൽ നശീദിനെതിരായ കേസ് സുപ്രീംകോടതി തള്ളി
text_fieldsമാലെ: മുൻ പ്രസിഡൻറ് മുഹമ്മദ് നശീദിനെതിരെ ഭീകരവിരുദ്ധക്കുറ്റം ചുമത്തിയ കേസ് മാലദ്വീപ് സുപ്രീംകോടതി റദ്ദാക്കി. ജയിലിലടച്ച മറ്റു രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. പൊതുപണം ധൂർത്തടിക്കുകയും മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയുംചെയ്യുന്ന പ്രസിഡൻറ് അബ്ദുല്ല യമീനെ താൽക്കാലികമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇൗ ഹരജിയിൽ കോടതി വിധി പറഞ്ഞില്ല. അതിനുപകരമാണ് വിചാരണ കൂടാതെ ജയിലിൽകഴിയുന്ന ഒമ്പതുപേരെ മോചിപ്പിക്കണമെന്ന് നിർദേശിച്ചത്.
കഴിഞ്ഞ വർഷം പ്രതിപക്ഷത്തേക്ക് കൂറുമാറിയതിനെ തുടർന്ന് പദവി നഷ്ടമായ 12 പാർലമെൻറ് അംഗങ്ങളെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.അതിനാൽ, പാർലമെൻറിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യത്തിൽ പ്രസിഡൻറിനെ ഇംപീച് ചെയ്യാൻ കഴിയും. കോടതിവിധി യമീൻ സർക്കാറിെൻറ ഏകാധിപത്യഭരണത്തിെൻറ മരണമണിയെന്നാണ് മുഖ്യപ്രതിപക്ഷമായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി)വിശേഷിപ്പിച്ചത്.
2013ലാണ് നശീദിനെ അട്ടിമറിച്ച് യമീൻ അധികാരത്തിലേറിയത്. രാജ്യത്ത് ആദ്യമായി ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് നശീദ്. 2015ൽ ഭീകരവിരുദ്ധക്കുറ്റം ചുമത്തി നശീദിനെ ജയിലിലടച്ചതോടെയാണ് രാജ്യത്ത് സംഘർഷം ഉടലെടുത്തത്. നശീദിെൻറ കാലത്ത് ജഡ്ജിയെ അറസ്റ്റുചെയ്ത സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. പിന്നീട് നിരവധി പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ചു. 2016ൽ ജയിലിൽ നിന്ന് ചികിത്സക്കായി രാജ്യത്തിന് പുറത്തേക്കുപോകുന്നതിന് അനുമതി ലഭിച്ച നശീദ് ബ്രിട്ടനിൽ അഭയം തേടുകയായിരുന്നു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത നശീദ്, യമീൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിക്കായി യു.എൻ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ പ്രതിരോധ മന്ത്രി, രണ്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ, ഭരണ കക്ഷി എം.പി, ജഡ്ജി, മുൻ ചീഫ് പ്രോസിക്യൂട്ടർ, പ്രമുഖ ബിസിനസുകാരൻ എന്നിവരെയാണ് വിട്ടയക്കാൻ ഉത്തരവിട്ടത്. ഇവരെ എപ്പോൾ മോചിപ്പിക്കുമെന്നത് വ്യക്തമല്ല. വിധി പുറത്തുവന്നയുടൻ എം.ഡി.പി പാർട്ടി അനുകൂലികൾ യമീെൻറ രാജിയാവശ്യപ്പെട്ട് പ്രകടനം നടത്തി. യമീൻ രാജിവെച്ചശേഷം ഇൗ വർഷംതന്നെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. പ്രകടനം നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇൗവർഷം നവംബറിലാണ് യമീെൻറ ഭരണകാലാവധി അവസാനിക്കുക. അതേസമയം, ഭരണഘടനപ്രകാരം ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.