മാലിദ്വീപിൽ ഇന്ത്യ ഇടപെടണമെന്ന് മുഹമ്മദ് നശീദ്
text_fieldsമാലെ: അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് മാലദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചു. സർക്കാറിനെ അട്ടിമറിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗൂഢാലോചന നടത്തിയെന്നും അതേപ്പറ്റി അന്വേഷിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും പ്രസിഡൻറ് അബ്ദുല്ല യമീൻ ചൊവ്വാഴ്ച ടെലിവിഷനിലൂടെ ജനങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു പിന്നാലെ തലസ്ഥാനമായ മാലെയിൽ സുപ്രീംകോടതി പരിസരത്ത് തമ്പടിച്ച സൈന്യം കോടതിയിൽ കടന്ന് ചീഫ് ജസ്റ്റിസ് അബ്ദുല്ല സഇൗദിനെയും മറ്റൊരു ജഡ്ജി അലി ഹമീദിനെയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനുശേഷം ഇവെരപ്പറ്റിയുള്ള വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. എന്താണ് ഇവർക്കെതിരായ കുറ്റമെന്നും വ്യക്തമാക്കിയിട്ടില്ല. ഇതോടൊപ്പം മുൻ പ്രസിഡൻറ് മഅ്മൂൻ അബ്ദുൽ ഗയൂമിനെയും മരുമകനെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
അതിനിടെ, പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ നയതന്ത്രതലത്തിലും സൈനികമായും ഇടപെടണമെന്ന് വിദേശത്ത് കഴിയുന്ന മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് അഭ്യർഥിച്ചു. ശ്രീലങ്കയിലെ കൊളംബോയിൽനിന്ന് പ്രവർത്തിക്കുന്ന മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി)യുടെ പ്രസിഡൻറ് കൂടിയാണ് നശീദ്. ജഡ്ജിമാരെയും രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാൻ ഇന്ത്യ സൈനികപിന്തുണയോടെ ഒരു സ്ഥാനപതിയെ മാലദ്വീപിലേക്ക് അയക്കണമെന്നും ഇന്ത്യയുടെ സാന്നിധ്യം അവിടെ ആവശ്യമാണെന്നും പാർട്ടി കൊളംബോയിൽ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ജനാധിപത്യരീതിയിൽ ആദ്യമായി തെരെഞ്ഞടുക്കപ്പെട്ട പ്രസിഡൻറാണ് മുഹമ്മദ് നശീദ്.
ഇദ്ദേഹം പുറത്താക്കപ്പെട്ടശേഷം നിരവധി പ്രതിസന്ധികളിലൂടെയാണ് മാലദ്വീപ് കടന്നുപോകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അബ്ദുല്ല യമീനിെൻറ എതിരാളികളായ ഒമ്പത് രാഷ്ട്രീയ തടവുകാരെ ഉടൻ മോചിപ്പിക്കണമെന്നും ഇവർക്കെതിരായ വിചാരണ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇൗ ഉത്തരവ് യമീൻ സർക്കാർ നടപ്പാക്കാതിരുന്നതിനെ തുടർന്നാണ് മാലദ്വീപിൽ അക്രമവും പ്രതിപക്ഷ പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടത്.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ച പൊലീസ് കമീഷണറെ യമീൻ പുറത്താക്കുകയും ചെയ്തു. മോചിപ്പിക്കപ്പെട്ട ഒമ്പത് രാഷ്ട്രീയ തടവുകാരിൽ ഒരാൾ ഇപ്പോൾ ശ്രീലങ്കയിൽ കഴിയുന്ന നശീദാണ്. 50കാരനായ നശീദിനെ ഭീകരവാദകുറ്റം ചുമത്തി 2015 മാർച്ചിൽ 13 വർഷം ജയിൽശിക്ഷക്ക് വിധിച്ചിരുന്നു. ഒടുവിൽ അദ്ദേഹം ബ്രിട്ടനിൽ അഭയം തേടി. 2013ൽ നേരിയ ഭൂരിപക്ഷത്തിനാണ് അബ്ദുല്ല യമീൻ നശീദിനെ പരാജയപ്പെടുത്തിയത്. ഇൗ വർഷം രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ െഎക്യരാഷ്ട്രസഭ പിന്തുണ തേടി മത്സരരംഗത്തുണ്ടാകുമെന്നും നശീദ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മാലദ്വീപിലെ അടിയന്തരാവസ്ഥ പ്രഖ്യാപനം അസ്വസ്ഥതയുണ്ടാക്കുന്നതും നിരാശജനകവുമാണെന്ന് അമേരിക്ക പ്രതികരിച്ചു. യമീൻ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ തയാറാകണമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ഹിതർ ന്യുവർട്ട് ആവശ്യപ്പെട്ടു. യു.എസ്, യു.കെ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ മാലദ്വീപ് യാത്ര ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇന്ത്യ തിങ്കളാഴ്ച രാത്രിതന്നെ ഇൗ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മാലദ്വീപിൽ ജോലിചെയ്യുന്ന വിദേശികൾക്കോ രാജ്യം സന്ദർശിക്കുന്നവർക്കോ സുരക്ഷാപ്രശ്നങ്ങളില്ലെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.