മലേഷ്യയിൽ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന് യാത്ര വിലക്ക്
text_fieldsക്വാലാലംപുർ: മലേഷ്യയിൽ മഹാതീർ മുഹമ്മദ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ അഴിമതിക്കെതിരെ നയം വ്യക്തമാക്കി മുൻപ്രധാനമന്ത്രി നജീബ് റസാഖിന് യാത്ര വിലക്ക്. അവധിയാഘോഷത്തിന് സ്വകാര്യ വിമാനത്തിൽ ജകാർത്തയിലേക്ക് പുറപ്പെടാനിരിക്കെയാണ് നജീബ് റസാഖിനും പത്നി റോസ്മ മാൻസറിനും രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തിയത്. 1എം.ഡി.ബി കമ്പനിയുമായി ബന്ധപ്പെട്ട് ശതകോടികളുടെ അഴിമതി വിവാദത്തിൽപെട്ട അദ്ദേഹം നേതൃത്വം നൽകുന്ന സഖ്യം നീണ്ട 60 വർഷത്തിനുശേഷം തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. യാത്ര വിലക്ക് നിലവിൽവന്നതോടെ സംഘടന യുനൈറ്റഡ് മലയ്സ് നാഷനൽ ഒാർഗനൈസേഷൻ, ദേശീയ മുന്നണി എന്നിവയുടെ അധ്യക്ഷപദവി നജീബ് റസാഖ് ഒഴിഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ഇതിനായി രാജ്യത്ത് തുടരുമെന്നും പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
2009ൽ നജീബ് റസാഖ് ഭരണത്തിലിരിക്കെ രൂപംനൽകിയ നിക്ഷേപ കമ്പനിയായ 1എം.ഡി.ബിയുടെ മറവിൽ 450 കോടി ഡോളർ സർക്കാർ ഫണ്ട് അപഹരിച്ചെന്നാണ് അദ്ദേഹത്തിനും കൂട്ടാളികൾക്കുമെതിരെ പരാതി. ഇതിൽ 70 കോടി ഡോളർ നജീബിെൻറ വ്യക്തിഗത ഫണ്ടിലേക്ക് നേരിട്ട് എത്തിയതിനുള്ള തെളിവുകളും പുറത്തുവന്നു. ഭാര്യക്ക് ആഭരണം വാങ്ങാൻ മാത്രം മൂന്നുകോടി ഡോളറാണ് ലഭിച്ചത്. ഇതിെനതിരെ പ്രതികരിച്ച ഉപപ്രധാനമന്ത്രി, അറ്റോണി ജനറൽ തുടങ്ങി പ്രമുഖരെെയാക്കെയും പുറത്താക്കുകയും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തെങ്കിലും അടുത്തിടെ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായ ശേഷം ഇതുവരെയും രാജ്യം ഭരിച്ച മലയ് പാർട്ടി ആദ്യമായാണ് തോൽവി അറിയുന്നത്.
222 അംഗ പാർലമെൻറിൽ 79 സീറ്റുകൾ നേടാനേ പാർട്ടിക്കായുള്ളൂ.
അതേസമയം, രാജ്യത്തെ രക്ഷിക്കാൻ വീണ്ടും മത്സരത്തിനിറങ്ങിയ മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിനെ 92ാം വയസ്സിലും ജനം അനായാസ വിജയം സമ്മാനിക്കുകയും ചെയ്തു. നജീബ് റസാഖിന് യാത്ര വിലക്കേർപ്പെടുത്തിയത് താനാണെന്ന് പിന്നീട് പ്രധാനമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നേരത്തെ, അഴിമതിക്കേസിൽ നജീബിന് ക്ലീൻ ചിറ്റ് നൽകിയ അറ്റോണി ജനറലിനെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
അധികാരത്തിലെത്തി ആദ്യ നടപടിയെന്നോണം മൂന്നു മന്ത്രിമാരെയും മഹാതീർ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ ഉപപ്രധാനമന്ത്രി മുഹ്യിദ്ദീൻ യാസിനെ ആഭ്യന്തരമന്ത്രിയായും ലിം യുവാൻ ഇൻഗിനെ ധനമന്ത്രിയായും മുഹമ്മദ് സാബുവിനെ പ്രതിരോധ മന്ത്രിയായുമാണ് പ്രഖ്യാപിച്ചത്.
അൻവർ ഇബ്രാഹീം ചൊവ്വാഴ്ച മോചിതനാകുമെന്ന്
ക്വാലാലംപുർ: മലേഷ്യൻ പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹീമിന് രാജാവ് മാപ്പുനൽകിയതോടെ ചൊവ്വാഴ്ച പുറത്തിറങ്ങുമെന്ന് മകളുടെ വെളിപ്പെടുത്തൽ. മോചനത്തിന് നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മകൾ നൂറുൽ ഇസ്സ പറഞ്ഞു. അൻവർ ഇബ്രാഹീമിന് രാജാവ് മാപ്പുനൽകി മോചനത്തിന് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പദവി അദ്ദേഹത്തിന് കൈമാറുമെന്നും നേരത്തേ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
മുൻ സഹായിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തിൽ 2015ലാണ് അൻവർ ഇബ്രാഹീമിന് അഞ്ചുവർഷം തടവ് വിധിക്കപ്പെട്ടത്. രാഷ്ട്രീയപ്രേരിത നടപടിയെന്ന് ഇതിനെതിരെ ആരോപണമുയർന്നിരുന്നു. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ അന്നത്തെ പ്രധാനമന്ത്രി നജീബ് റസാഖ് കരുനീക്കുകയായിരുന്നുവെന്ന് അൻവർ ഇബ്രാഹീം കുറ്റപ്പെടുത്തിയിരുന്നു.
മലേഷ്യയിൽ രാജാവ് മാപ്പുനൽകിയില്ലെങ്കിൽ ശിക്ഷ വിധിക്കപ്പെട്ടവർക്ക് മോചനത്തിനു ശേഷം അടുത്ത അഞ്ചുവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.