അലപ്പോ: സൈനിക നീക്കം അന്തിമഘട്ടത്തിലേക്ക്
text_fields
ഡമസ്കസ്: വടക്കന്‍ സിറിയയിലെ അലപ്പോയില്‍ വിമതര്‍ക്കെതിരായ സൈനിക നീക്കം അന്തിമഘട്ടത്തിലേക്ക്. ഞായറാഴ്ച രാത്രി തുടങ്ങിയ കനത്ത വ്യോമാക്രമണത്തില്‍ വിമതനിയന്ത്രണത്തിലായിരുന്ന നഗരത്തിലെ കൂടുതല്‍ മേഖലകള്‍ സൈന്യം പിടിച്ചെടുത്തു. വിമതനിയന്ത്രണത്തിലുണ്ടായിരുന്ന മേഖലകള്‍ 90 ശതമാനവും സര്‍ക്കാറിന്‍െറ കീഴിലായതായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു.
വിമത നിയന്ത്രണം ശേഷിക്കുന്ന കിഴക്കന്‍ ഭാഗത്ത് ശൈഖ് സഈദ് ജില്ല പിടിച്ചെടുത്തതായി ഫ്രീ സിറിയന്‍ ആര്‍മി വക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം, ഈ മേഖലയിലെ അല്‍ മദി ജില്ലയും സൈന്യം പിടിച്ചെടുത്തിരുന്നു. നവംബര്‍ 26നാണ് റഷ്യന്‍ പിന്തുണയോടെ സൈന്യം അലപ്പോയില്‍ കനത്ത ആക്രമണം തുടങ്ങിയത്.
2012നു ശേഷം ഇതാദ്യമായി, വിമതരുടെ നിയന്ത്രണം 10 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിവരുന്ന സ്ഥലത്തില്‍ ചുരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പതിനായിരക്കണക്കിന് ആളുകളും വിമത പോരാളികളും വിമതനിയന്ത്രണത്തിലുള്ള മേഖലയില്‍ കഴിയുന്നുണ്ട്. ഈ മേഖലകളില്‍ സൈന്യം അടുത്തദിവസം ആക്രമണം നടത്തുന്നത് കനത്ത ആളപായമുണ്ടാക്കും.
ഭക്ഷണവും അടിയന്തര വൈദ്യസഹായവുമില്ലാതെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ 70,000 ആളുകള്‍ അലപ്പോയില്‍നിന്ന് പലായനം ചെയ്തതായി സിറിയന്‍ ഒൗദ്യോഗിക ടെലിവിഷന്‍ ചാനല്‍ പറഞ്ഞു. കഴിഞ്ഞദിവസം 728 വിമതപോരാളികള്‍ ആയുധം വെച്ച് കീഴടങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അതിനിടെ, സിറിയന്‍ വിഷയത്തില്‍ യു.എസും റഷ്യയും ഒത്തുതീര്‍പ്പിലത്തെിയെന്ന വാര്‍ത്തകള്‍ റഷ്യ തള്ളി. വിഷയത്തില്‍ ചര്‍ച്ച തുടരുമെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സര്‍ജി റിയാബ്കോവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.