ഫലസ്തീൻ ഉടൻ സ്വതന്ത്ര, പരമാധികാര രാജ്യമാകും-മോദി
text_fieldsറാമല്ല: ഫലസ്തീന് സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപ്രധാനമായ സന്ദർശനം. സമാധാനപ്രക്രിയയിലൂടെ ഫലസ്തീൻ ഉടൻ സ്വതന്ത്ര, പരമാധികാര രാജ്യമാകുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീൻ ജനതയുടെ താൽപര്യങ്ങൾക്കൊപ്പമായിരിക്കും ഇന്ത്യ. കാലത്തിെൻറ പരീക്ഷണങ്ങളെ അതിജീവിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. കഠിന സാഹചര്യങ്ങളിൽ ഫലസ്തീൻ ജനത പ്രദർശിപ്പിക്കുന്ന അപാര ധൈര്യത്തെ മോദി പ്രകീർത്തിച്ചു. ഇന്ത്യയുടെ വിദേശനയത്തിൽ ഫലസ്തീന് ഉയർന്ന പരിഗണനയുണ്ട്. ഫലസ്തീെൻറ വികസനയാത്രയിൽ ഇന്ത്യ പൂർണ പിന്തുണ നൽകും. സ്വതന്ത്ര, പരമാധികാര ഫലസ്തീന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനൊപ്പം വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ മോദിക്ക് വൻ വരവേൽപാണ് ലഭിച്ചത്. മൂന്നുമണിക്കൂർ മാത്രമായിരുന്നു സന്ദർശനം.
ഫലപ്രദമായ ചർച്ച നടന്നതായി മഹ്മൂദ് അബ്ബാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരപ്രക്രിയയുടെ ഭാഗമായി, ഇസ്രായേലുമായുള്ള സമാധാനപ്രക്രിയ വേഗത്തിലാക്കാൻ അദ്ദേഹം ഇന്ത്യയുടെ സഹായം തേടി. ചേരിചേരാപ്രസ്ഥാനം അടക്കമുള്ള അന്താരാഷ്ട്ര വേദികളിലെ സുപ്രധാന പങ്ക് മുൻനിർത്തി, മേഖലയിലെ സമാധാനത്തിന് ഇന്ത്യക്ക് വലിയ സംഭാവന നൽകാൻ കഴിയും. ഫലസ്തീനിൽ സമാധാനം പുലരണമെന്നാണ് ഇന്ത്യൻ നേതൃത്വത്തിെൻറ എക്കാലത്തെയും താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു. 1988ൽ ഫലസ്തീനെ അംഗീകരിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. ഫലസ്തീെൻറ സ്വാതന്ത്ര്യത്തിന് അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി കൂടിയാലോചന നടത്താൻ തയാറാണ്. ഫലസ്തീനും ഇസ്രായേലിനും സമാധാനപരമായി സഹവർത്തിക്കാൻ കഴിയണം. കിഴക്കൻ ജറൂസലമിനെ തങ്ങൾ ഭാവി തലസ്ഥാനമായാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹ്മൂദ് അബ്ബാസ്- മോദി കൂടിക്കാഴ്ചയിൽ 321 കോടി രൂപയുടെ ആറു കരാറുകളിൽ ഒപ്പിട്ടു. 192 കോടി ഫലസ്തീനിലെ ബൈത്ത് സാഹൂറിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാനുള്ളതാണ്. 32 കോടി ചെലവിൽ സ്ത്രീശാക്തീകരണ കേന്ദ്രം തുടങ്ങും.
റാമല്ലയിൽ ദേശീയ പ്രിൻറിങ് പ്രസിന് യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങാനും വിദ്യാഭ്യാസമേഖലക്ക് സഹായം നൽകാനും കൂടിക്കാഴ്ചയിൽ ധാരണയായി. ഇന്ത്യയിൽ പഠിക്കാനെത്തുന്ന ഫലസ്തീൻ വിദ്യാർഥികളുടെ എണ്ണം 50ൽനിന്ന് നൂറാക്കും. ഫലസ്തീനിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിപ്ലോമസി നിർമിക്കാൻ ഇന്ത്യ സഹായം നൽകും. നാലുദിവസത്തെ വിേദശ സന്ദർശനത്തിെൻറ ഭാഗമായി റാമല്ലയിലെത്തിയ മോദിക്ക് വിദേശ രാഷ്ട്രത്തലവന്മാർക്ക് ഫലസ്തീൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘ഗ്രാൻറ് കോളർ ഒാഫ് ദ സ്റ്റേറ്റ് ഒാഫ് ഫലസ്തീൻ’ മഹ്മൂദ് അബ്ബാസ് സമ്മാനിച്ചു. ചൈനീസ് പ്രസിഡൻറിനും സൗദി അറേബ്യയിലെ സൽമാൻ രാജാവിനുമാണ് മുമ്പ് ഇൗ ബഹുമതി നൽകിയത്.
റാമല്ലയിൽനിന്ന് യു.എ.ഇയിലേക്ക് പോകുന്ന മോദി ആറാമത് ലോക ഗവൺമെൻറ് ഉച്ചകോടിയിൽ സംസാരിക്കും. ഒമാനും സന്ദർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.