2016: അഫ്ഗാന്‍ കുരുന്നുകള്‍ക്കുമേല്‍ മരണം പെയ്ത വര്‍ഷം
text_fieldsകാബൂള്‍: അഫ്ഗാനില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജീവഹാനിയും അപകടവും സംഭവിച്ച വര്‍ഷമാണ് 2016 എന്ന് യു.എന്‍. പോയ വര്‍ഷം 923 കുട്ടികള്‍ കൊല്ലപ്പെട്ടതായും 2,589 പേര്‍ക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റതായും യു.എന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2001 മുതലുള്ളതില്‍ ഏറ്റവും കൂടുതലാണിത്. കുട്ടികളുടെ മരണം 24 ശതമാനം കണ്ട് ഉയര്‍ന്നതായി യു.എന്‍ പറയുന്നു.
ആളുകള്‍ താമസിക്കുന്ന മേഖലകളില്‍ നടക്കുന്ന സായുധാക്രമണങ്ങളും യുദ്ധത്തിന്‍െറ അവശേഷിപ്പുകളായ സ്ഫോടകവസ്തുക്കളുമാണ് ഇവരുടെ ജീവനെടുക്കുന്നത്. കുന്ദൂസില്‍ കഴിഞ്ഞ ഒക്ടോബറില്‍ താലിബാനെതിരെ നടന്ന ഹെലികോപ്ടര്‍ ആക്രമണത്തില്‍ നാലു കുട്ടികള്‍ക്കാണ് പരിക്കേറ്റത്. അതില്‍ 17 വയസ്സുള്ള ബാലന്‍െറ ഒരു കാല്‍ പൂര്‍ണമായും നഷ്ടമായി. തന്‍െറ മകന്‍െറ ഭാവി പൂര്‍ണമായും ഇരുളിലാണ്ടുകഴിഞ്ഞുവെന്ന് പിതാവ് ഹകീം വിലപിക്കുന്നു. രണ്ടാഴ്ചമുമ്പ് 14കാരനായ ക്വദ്റത്തുല്ല ഉച്ചഭക്ഷണത്തിന് ബ്രഡ് വാങ്ങാന്‍ പോയതായിരുന്നു. വീടിന്‍െറ 20 മീറ്റര്‍ മാത്രം അകലത്തില്‍ റോക്കറ്റ് പതിച്ച് ആ കുരുന്നുശരീരം നിശ്ചലമായി.
യുദ്ധത്തില്‍ പിതാവ് നഷ്ടമായ കുടുംബത്തിന്‍െറ അത്താണികളായിരുന്നു ക്വദ്റത്തുല്ലയും അവന്‍െറ 17കാരന്‍ ജ്യേഷ്ഠനും. ജീവിതവൃത്തിക്കുവേണ്ടി ആക്രികള്‍ പെറുക്കുകയോ കളിക്കുകയോ ചെയ്യുമ്പോള്‍ യുദ്ധവേളയില്‍ വിന്യസിക്കപ്പെട്ട് പൊട്ടാതെ അവശേഷിച്ച മൈനുകള്‍ ഇവരുടെ അന്തകരായി മാറുന്നുവെന്നും 86 ശതമാനം അപകടങ്ങള്‍ക്കും ഇതാണ് കാരണമാകുന്നതെന്നും യു.എന്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.