മൂസില്‍ തിരിച്ചുപിടിക്കാന്‍ വന്‍ യുദ്ധം
text_fieldsബഗ്ദാദ്: ഇറാഖിലെ ഐ.എസിന്‍െറ പ്രധാന കേന്ദ്രമായ മൂസില്‍ തിരിച്ചുപിടിക്കുന്നതിന് അമേരിക്കന്‍ സഹായത്തോടെ വന്‍ നീക്കം ആരംഭിച്ചു. യുദ്ധം ആരംഭിക്കുകയാണെന്നും വിജയം വളരെ അടുത്താണെന്നും ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സേനക്കൊപ്പം കുര്‍ദിഷ് സേനയും അമേരിക്കയുടെ കര-വ്യോമ സേനയും യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്ക യുദ്ധത്തില്‍ പങ്കുകൊള്ളുന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ചരിത്രപരമായ യുദ്ധത്തില്‍ ഇറാഖികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നതായി യു.എസ് പ്രതിനിധി ബ്രെട്ട് മക്ഗര്‍ക് മാധ്യമങ്ങളെ അറിയിച്ചു.
മൂസില്‍ തിരിച്ചുപിടിക്കാനുള്ള ആക്രമണത്തിന് സംയുക്ത സേനാ വിഭാഗം ദിവസങ്ങളായി ഒരുങ്ങുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി സേന കരമാര്‍ഗം മൂസിലിലേക്ക് കടക്കുമ്പോള്‍ വ്യോമമാര്‍ഗം അമേരിക്കന്‍ സേന വഴിയൊരുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം തിരിച്ചുപിടിക്കുന്നത് എളുപ്പമാകില്ളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐ.എസ് സ്വമേധയാ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സന്നദ്ധമാകില്ളെന്ന് ഉറപ്പായിരിക്കെ, യുദ്ധം നാളുകള്‍ നീണ്ടുപോകാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു. മൂസില്‍ ആക്രമണത്തില്‍ പങ്കെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണം ആരംഭിച്ചതായും സര്‍ക്കാര്‍ സേനക്ക് തുടക്കത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായും യുദ്ധരംഗത്തുനിന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്‍െറ തുടക്കത്തില്‍തന്നെ നിരവധി ഗ്രാമങ്ങള്‍ സേന പിടിച്ചെടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച വൈകീട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30,000 ഇറാഖി സേനയും 4,000 കുര്‍ദിഷ് സേനയുമാണ് രംഗത്തുള്ളത്. 4,000 മുതല്‍ 8,000വരെ ഐ.എസ് ഭീകരരാണ് മൂസിലില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. 2014ലിലാണ് ഐ.എസ് മൂസില്‍ പിടിച്ചടക്കിയത്.
മൂസില്‍ മറ്റൊരു അലപ്പോയാകുമോ?
ടൈഗ്രീസ് നദീതീരത്തെ സുന്ദരപട്ടണം മൂസില്‍ നാമാവശേഷമാകുമോ? ക്രിസ്ത്യന്‍-മുസ്ലിം ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള മൂസില്‍ ഐ.എസ് ഭീകരരില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള യുദ്ധം ആരംഭിച്ചിരിക്കെ ഉയരുന്ന ചോദ്യമിതാണ്. ഐ.എസും സര്‍ക്കാര്‍ സേനയും വിമതരും തമ്മിലുള്ള യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയിലെ അലപ്പോ നഗരത്തിന്‍െറ സ്ഥിതി മൂസിലിനും വരുമോ എന്ന് ഭയക്കുന്നവരുമുണ്ട്. അമേരിക്കയുടെ സഹായത്തോടെ ഇറാഖി സേന പുതിയ യുദ്ധം ആരംഭിച്ചതോടെ പത്തു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തത്തെിയിട്ടുണ്ട്.
ഐ.എസ് ഭീകരര്‍ ജനങ്ങളെ രക്ഷാകവചമായി ഉപയോഗിക്കാനും നഗരത്തിലും പരിസരങ്ങളിലും മൈനുകള്‍ സ്ഥാപിക്കാനുമുള്ള സാധ്യതയുണ്ട്. സംയുക്ത സേനയുടെ ആക്രമണവും ഐ.എസിന്‍െറ തിരിച്ചടികളുമെല്ലാം സാധാരണ ജീവിതം ദുസ്സഹമാക്കാനാണ് സാധ്യത. നഗരം 2014ല്‍ ഐ.എസ് പിടിച്ചെടുത്തപ്പോള്‍തന്നെ നിരവധിപേര്‍ പല നാടുകളിലേക്കായി പലായനം ചെയ്തിരുന്നു.
ബാക്കിയുള്ള ജനങ്ങളുടെ ഭാവി സംബന്ധിച്ച് ആഗോള മനുഷ്യാവകാശ കൂട്ടായ്മകള്‍ക്കും ആശങ്കയുണ്ട്. ഐ.എസിനെ മൂസിലില്‍ നിലനിര്‍ത്തിയാല്‍ ലോകംതന്നെ വലിയ വില കൊടുക്കേണ്ടിവരും. ബഗ്ദാദില്‍ തന്നെ സമീപകാലത്ത് നിരവധി സ്ഫോടനങ്ങളാണ് ഐ.എസ് നടത്തിയത്. നിലവില്‍ ഐ.എസും ഇറാഖി സേനയും തമ്മിലുള്ള യുദ്ധം മുപ്പത് ലക്ഷത്തിലേറെ പേരെ അഭയാര്‍ഥികളാക്കിയിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്.
രാജ്യത്ത് ഒരു കോടിയോളം ജനങ്ങള്‍ ദുരിതത്തില്‍ കഴിയുന്നതായും കണക്കുകള്‍ പറയുന്നു. ഇപ്പോള്‍തന്നെ ലോകത്തെ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ കഴിയുന്ന ഇറാഖില്‍ പുതിയ യുദ്ധം കൂടുതല്‍ ദുരിതങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.