എവറസ്റ്റ് മാലിന്യക്കൂമ്പാരമാകുന്നു
text_fieldsകാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി എവറസ്റ്റ് കൊടുമുടി. ഭക്ഷണാവശിഷ്ടങ്ങൾ, മലകയറ്റത്തിനാവശ്യമായ ഉപകരണങ്ങൾ, ശൂന്യമായ ഒാക്സിജൻ കാനുകൾ, മനുഷ്യ വിസർജ്യം തുടങ്ങി ടൺ കണക്കിന് മാലിന്യങ്ങളാണ് 8848 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയിൽ തള്ളുന്നത്. എവറസ്റ്റ് കീഴടക്കാനെത്തുന്ന ആളുകളുടെ എണ്ണം വർഷംതോറും വർധിക്കുകയാണ്. ഇൗ വർഷം ഇതുവരെ നൂറുകണക്കിനാളുകൾ ലോകത്തിലെ ഉയരം കൂടിയ കൊടുമുടി കീഴടക്കാനായി എത്തിയതിനെത്തുടർന്നാണ് മലിനീകരണം രൂക്ഷമായത്. 65 വർഷം മുമ്പ് എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗെയും ആദ്യമായി കൊടുമുടി കീഴടക്കിയതിന് ശേഷം എവറസ്റ്റിനെ സംബന്ധിച്ചുണ്ടായ ആശങ്ക ആഗോള താപനംമൂലം പർവതം ഉരുകിയൊലിച്ച് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു എന്നതായിരുന്നു. മാലിന്യംകൂടി വില്ലനായി വന്നതോടെ അഞ്ചുവർഷം മുമ്പ് എവറസ്റ്റിനെ മാലിന്യമുക്തമാക്കാനുള്ള പദ്ധതികൾ നേപ്പാൾ സർക്കാർ തുടങ്ങിയിരുന്നു.
പർവതാരോഹക സംഘത്തിൽനിന്ന് 4000 ഡോളർ നിക്ഷേപമായി സ്വീകരിക്കുകയും മലയിറങ്ങുേമ്പാൾ എട്ട് കി.ഗ്രാം മാലിന്യം തിരികെ കൊണ്ടുവരുന്നവർക്ക് തുക മടക്കി നൽകുകയും ചെയ്യുന്ന പദ്ധതിയായിരുന്നു അത്. തിബറ്റൻ ഭാഗത്ത് ഒരു കി.ഗ്രാം മാലിന്യം തിരികെയെത്തിക്കാൻ പരാജയപ്പെട്ടാൽ 100 ഡോളർ വീതം പിഴ ഇൗടാക്കുകയും ചെയ്തു. 2017ൽ സാഗർമാത മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ കീഴിൽ ഷേർപകൾ എന്നറിയപ്പെടുന്ന പ്രാദേശിക പർവതാരോഹകർ 25 ടൺ ചപ്പുചവറുകളും 15 ടൺ മനുഷ്യമാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. എന്നിട്ടും വൻതോതിൽ മാലിന്യങ്ങൾ കുന്നുകൂടുകയാണ്. പണം പോയാലും സാരമില്ലെന്ന് കരുതി പകുതിയിലധികം സഞ്ചാരികളും മാലിന്യങ്ങൾ കൊടുമുടിയിൽ തന്നെ നിക്ഷേപിച്ചുപോരുന്ന പ്രവണതയാണ് നിലവിലുള്ളത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾകൊണ്ടാണ് എവറസ്റ്റ് ടൂറിസം തഴച്ച് വളർന്നത്. തത് ഫലമായി മുൻപരിചയമില്ലാത്ത ധാരാളം ആളുകൾ പർവതാരോഹണത്തിനും ട്രക്കിങ്ങിനുമായി എത്തിച്ചേർന്നു. മാർഗദർശികളായി പോകുന്ന ഷേർപകൾക്ക് അവരുടെ തമ്പുകളും അധിക ഒാക്സിജൻ കാനുകളുംകൂടി ചുമക്കാനുള്ള ബാധ്യത കൈവന്നു. തുടർന്ന് ഉപേക്ഷിച്ചുപോരുന്ന മാലിന്യങ്ങൾ കൂടി താഴെയെത്തിക്കാൻ കഴിയാതായി. മുമ്പ് പർവതാരോഹകർ തന്നെയായിരുന്നു അവരവരുടെ സാധന സാമഗ്രികൾ ചുമന്നിരുന്നത്.
മലിനീകരണം താഴ്വരയിലെ ജലസ്രോതസ്സുകൾക്കുകൂടി നാശംവരുത്തുന്നുെവന്നാണ് പരിസ്ഥിതിവാദികളുടെ വാദം. നിലവിൽ ഇൗ മാലിന്യങ്ങൾ അടുത്ത ഗ്രാമങ്ങളിലേക്കാണ് മാറ്റുന്നത്. എന്നാൽ, താഴ്വരയിൽ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ച് ഇവയെ ഉപയോഗപ്രദമായ വളമാക്കിമാറ്റാൻ പദ്ധതിയുണ്ട്. മാലിന്യം ശേഖരിക്കാൻ മാത്രമായി ഒരു സംഘത്തെ നിയോഗിക്കുക എന്നതാണ് മറ്റൊരു പോംവഴിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കണക്കുകൾ പ്രകാരം 18 ടൺ മാലിന്യമാണ് എവറസ്റ്റിൽ നിന്നും ഇതുവരെ നീക്കം ചെയ്തത്. കഴിഞ്ഞ മാസം 30 ടീമുകളായി തിരിഞ്ഞ് നടത്തിയ ശുചിത്വ കാമ്പയിനിങ്ങിലൂടെ മാത്രം 8.5 ടൺ മാലിന്യമാണ് നീക്കംചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.