ഡാനിയേൽ പേൾ കൊലക്കേസ്: മാതാപിതാക്കൾ അപ്പീൽ നൽകി
text_fieldsഇസ് ലാമാബാദ്: അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്ത വിധിക്കെതിരെ മാതാപിതാക്കൾ അപ്പീൽ നൽകി. പാക് സുപ്രീംകോടതിയിലാണ് അപ്പീൽ നൽകിയത്. ഹരജി നൽകിയ വിവരം ഡാനിയേലിന്‍റെ പിതാവ് ജുഡിയ പേളാണ് വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
മകന് നീതി ലഭിക്കുന്നതിന് വേണ്ടി മാത്രമല്ല ഹരജി നൽകാൻ തീരുമാനിച്ചത്. അക്രമ രഹിതവും ഭീകരവാദ രഹിതവുമായ സമൂഹത്തിൽ ജീവിക്കാനായി പാകിസ്താനിലെ സുഹൃത്തുകൾക്കും വേണ്ടിയാണിത്. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി അവരുടെ കുട്ടികൾ ശബ്ദിക്കണമെന്നും ജുഡിയ പേൾ ആവശ്യപ്പെട്ടു.
2002ലാണ് വാൾസ്ട്രീറ്റ് ജേർണൽ ലേഖകനായ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കൊലപാതക കേസിൽ പ്രതിയായ അഹമ്മദ് ഉമർ സെയ്ദ് ഷെയ്ഖിനെ തൂക്കിലേറ്റാനും മറ്റ് മൂന്നു പേരെ ജീവപര്യന്തത്തിനും പാക് ഭീകരവിരുദ്ധ കോടതി വിധിച്ചു.
എന്നാൽ, ഷെയ്ഖിന്‍റെ അപ്പീലിൽ വാദം കേട്ട സിന്ധ് ഹൈകോടതി, കൊലപാതക കുറ്റം തട്ടിക്കൊണ്ടു പോകലായി ഇളവ് ചെയ്ത് ശിക്ഷ ഏഴു വർഷമാക്കി കുറച്ചു. കൂടാതെ, കേസിലെ മറ്റ് പ്രതികളായ ഫഹദ് നസീം, സൽമാൻ സാഖിബ്, സെയ്ദ് ആദിൽ എന്നിവരുടെ ജീവപര്യന്തം തടവ് റദ്ദാക്കി വെറുതെ വിടുകയും ചെയ്തു.
ജയ്െശ മുഹമ്മദ് സ്ഥാപകൻ മസ്ഊദ് അസ്ഹറിനും മുഷ്താഖ് അഹമ്മദ് സർഗാറിനുമൊപ്പം ഇന്ത്യ മോചിപ്പിച്ച തീവ്രവാദിയാണ് പാക് വംശജനും ബ്രിട്ടീഷ് പൗരനുമായ അഹമ്മദ് ഉമർ സെയ്ദ് ഷെയ്ഖ് (46). 1999 ഡിസംബറിൽ കാന്തഹാറിൽ പാക് ഭീകര സംഘം തട്ടിക്കൊണ്ടു പോയ എയർ ഇന്ത്യ വിമാനവും യാത്രക്കാരെയും മോചിപ്പിക്കുന്നതിനാണ് ഷെയ്ഖ് അടക്കമുള്ളവരെ ഇന്ത്യ മോചിപ്പിച്ചത്.
പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത പാക് കോടതിയുടെ വിധി അമേരിക്കയുടെ രൂക്ഷ വിമർശനത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.