അഴിമതിക്കേസ്: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന് 12 വർഷം തടവ്
text_fieldsക്വാലാലംപുർ: മലേഷ്യൻ ഇൻവെസ്റ്റ്മെൻറ് ഫണ്ടുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ഡോളറിെൻറ അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് കുറ്റക്കാരനാണെന്ന് കോടതി. 67കാരനായ മുൻ പ്രധാനമന്ത്രിക്ക് 12 വർഷം തടവും 210 ദശലക്ഷം റിഗിറ്റ് (49 ദശലക്ഷം ഡോളർ) പിഴയും ശിക്ഷ വിധിച്ചു. അധികാര ദുർവിനിയോഗത്തിന് 12 വർഷവും വിശ്വാസവഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് 10 വർഷം വീതവുമാണ് തടവ്.
തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. മലേഷ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഉന്നത രാഷ്ട്രീയ നേതാവ് അഴിമതിക്ക് ശിക്ഷിക്കപ്പെടുന്നത്. നജീബിനെതിരായ ഏഴു കുറ്റങ്ങളും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരിപൂർണമായി വിജയിച്ചതായി ജഡ്ജി മുഹമ്മദ് നസ്ലാൻ ഗസാലി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. അതേസമയം, നിരപരാധിയാണെന്നും അപ്പീൽ നൽകുമെന്നും നജീബ് റസാഖ് പറഞ്ഞു. അപ്പീൽ നൽകുന്നത് വരെ ശിക്ഷ മരവിപ്പിച്ചതിനാൽ തൽക്കാലം ജയിലിൽ പോകേണ്ടിവരില്ല.
അഴിമതിയെ തുടർന്ന് 2018ൽ അധികാരത്തിൽനിന്ന് പുറത്തായ നജീബിനെതിരെയുള്ള അഞ്ചു കേസുകളിൽ ആദ്യത്തേതിലാണ് വിധി പ്രഖ്യാപിച്ചത്. ഇൻവെസ്റ്റ്മെൻറ് ഫണ്ടിൽനിന്ന് 42 ദശലക്ഷം റിഗിറ്റ് (9.8 ദശലക്ഷം ഡോളർ) സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയത് അടക്കം കുറ്റങ്ങൾക്കാണ് ഇപ്പോൾ വിചാരണ നേരിട്ടത്. നജീബും കൂട്ടുപ്രതികളും ചേർന്ന് 450 കോടി ഡോളർ ഫണ്ടിൽനിന്ന് കവർന്നതായി അമേരിക്കൻ അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഹോളിവുഡ് സിനിമകൾ നിർമിക്കുന്നതിന് പണം നൽകാനും ഹോട്ടലുകൾ, ആഡംബരനൗക, കലാസൃഷ്ടികൾ, ആഭരണങ്ങൾ എന്നിവ വാങ്ങാനും ഇത് ഉപയോഗിച്ചു.
ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് സർക്കാർ ഗാരൻറി ഉറപ്പാക്കുന്നതിന് നജീബ് കൈക്കൂലി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. നജീബുമായി അടുത്തബന്ധമുള്ള ലോ തേക്ക് ജോ എന്ന ബാങ്കിങ് വിദഗ്ധനാണ് ഇൗ തട്ടിപ്പുകളുടെ സൂത്രധാരൻ. ഇയാൾ മലേഷ്യയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. ബാക്കി നാല് കേസുകളിൽ നജീബിെൻറ ഭാര്യ, പാർട്ടിയിലെയും സർക്കാറിലെയും ഉന്നതർ അടക്കം പ്രതികളാണ്.
അഞ്ചുമാസം മുമ്പ് അധികാരത്തിലെത്തിയ മലായ് നാഷനലിസ്റ്റ് സഖ്യത്തിൽ നജീബിെൻറ മലായ് പാർട്ടിക്ക് നിർണായക പങ്കുണ്ട്. ഇൗ സാഹചര്യത്തിൽ വിചാരണ നീണ്ടുപോകുമെന്നായിരുന്നു കണക്കുകൂട്ടൽ. സർക്കാർ കേസുമായി മുന്നോട്ടുപോകുകയും വിധി വരുകയുമായിരുന്നു. പ്രധാനമന്ത്രി മുഹമ്മദ് യാസീനും വിധി ഏറെ ആശ്വാസകരമാണ്. നജീബിെൻറ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് അഞ്ച് വർഷം മുമ്പ് യാസീനിനെ ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.