നാഷണൽ ജ്യോഗ്രഫികിൻെറ അഫ്ഗാൻ പെൺകുട്ടി പാകിസ്താനിൽ അറസ്റ്റിൽ
text_fieldsഇസ്ലാമാബാദ്: അഫ്ഗാൻ പെൺകുട്ടിയെന്ന പേരിൽ നാഷണൽ ജ്യോഗ്രഫിക് മാഗസിൻ കവറിലൂടെ പ്രശസ്തയായ ഷർബത് ഗുല പാകിസ്താനിൽ അറസ്റ്റിൽ. വ്യാജരേഖകൾ ചമച്ചതിനാണ് ഷർബത് ഗുലയെ അറസ്റ്റ് ചെയ്തത്. 14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഷർബത് ഗുല ചെയ്തിരിക്കുന്നതെന്ന് പാകിസ്താനി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രണ്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ)യാണ് വടക്കുപടിഞ്ഞാറൻ പാക് നഗരമായ പെഷവാറിൽ നിന്നും ഗുലയെ അറസ്റ്റ് ചെയ്തത്.
വ്യാജ ഐ.ഡി കാർഡ് ഉപയോഗിച്ചതിനാണ് ഷർബത് ഗുലയെ അറസ്റ്റ് ചെയ്തതെന്ന് നാഷണൽ ഡാറ്റാബേസ് രജിസ്ട്രേഷൻ അതോറിറ്റി(NADRA) ഉദ്യോഗസ്ഥൻ അറിയിച്ചു. ഗുലക്ക് പാക് പൗരത്വം നൽകിയ മൂന്ന് NADRA ഉദ്യോഗസ്ഥർക്കെതിരെയും എഫ്.എ.ഐ അന്വേഷണം നടത്തുന്നുണ്ട്. ഏഴു മുതൽ 14 വർഷം വരെ ജയിൽ വാസം ലഭിക്കാവുന്ന കുറ്റമാണിത്.
2014 ഏപ്രിലിൽ ഷർബത് ഗുല ഷർബത് ബീബി എന്ന പേര് ഉപയോഗിച്ച് തിരിച്ചറിയൽ കാർഡിനായി അപേക്ഷിച്ചു എന്നതാണ് കുറ്റം. കമ്പ്യൂട്ടർവത്കൃത സംവിധാനം ഉപയോഗിച്ച് പാക് ഐഡന്റിറ്റി കാർഡിന് ശ്രമിച്ച് പിടിയിലാകുന്ന ആയിരക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളിൽ ഒരാളാണ് ഗുല. ഈയടുത്ത് വ്യാജ ഐ.ഡി കാർഡുകൾക്കെതിരെ പാകിസ്താൻ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഗുല പിടിയിലായത്.
1984ൽ സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലത്ത് വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരു ക്യാമ്പിൽ വെച്ചാണ് ഫോട്ടോഗ്രാഫർ ഗുലയുടെ ചിത്രം പകർത്തുന്നത്. മാഗസിൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കവർ ചിത്രമായി അത് മാറി. 17 വർഷത്തിന് ശേഷം 2002 ൽ ഒരു അഫ്ഗാൻ ഗ്രാമത്തിൽ വെച്ച് മക്കറി വീണ്ടും ഗുലയെ കണ്ടെത്തി. ഭർത്താവിനും മൂന്നു പുത്രിമാർക്കുമൊപ്പമായിരുന്നു ഗുലയപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.