അഴിമതികേസ്: നവാസ് ശരീഫും മകളും പ്രതികൾ
text_fieldsഇസ്ലാമാബാദ്: അഴിമതിക്കേസിൽ പുറത്താക്കപ്പെട്ട പാക് പ്രധാനമന്ത്രി നവാസ് ശരീഫിനും മകൾ മർയമിനും അവരുടെ ഭർത്താവ് റിട്ട. ലഫ്റ്റനൻറ് മുഹമ്മദ് സഫ്ദറിനും എതിരെ പാക് അഴിമതിവിരുദ്ധ കോടതി കുറ്റം ചുമത്തി. 67 കാരനായ ശരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ ലണ്ടനിലെ അനധികൃത സ്വത്തുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ കുറ്റം ചുമത്തിയത്.
പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതി വിവാദത്തിൽ കുരുങ്ങിയതിനെ തുടർന്ന് ജൂലൈ 28ന് പാക് സുപ്രീംകോടതി നവാസ് ശരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, പ്രധാനമന്ത്രിപദത്തിൽനിന്ന് അദ്ദേഹം രാജിവെച്ചു. അർബുദ ബാധിതയായ ഭാര്യ കുൽസൂമിെൻറ ചികിത്സാർഥം ലണ്ടനിലായിരുന്ന ശരീഫും മകളും ഭർത്താവും നാട്ടിലെത്തിയതിനുശേഷം കോടതി മുമ്പാകെ ഹാജരായിരുന്നു. പിന്നീട് ശരീഫ് ലണ്ടനിലേക്കുതന്നെ മടങ്ങി. മർയമും ഭർത്താവും വ്യാഴാഴ്ച നടന്ന ഹിയറിങ്ങിൽ കോടതിയിൽ ഹാജരായി.
അടിയന്തരസാഹചര്യത്തിൽ വിദേശത്തായതിനാൽ ശരീഫിെൻറ അഭാവത്തിൽ അദ്ദേഹത്തിനെതിരെ കുറ്റംചുമത്തരുതെന്ന് അഭിഭാഷകൻ ഹരജി നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. അതുപോലെ, മൂന്നുകേസുകളും ഒന്നായി പരിഗണിക്കണെമന്നാവശ്യപ്പെട്ട് നൽകിയ ഹരജി കോടതി പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ശരീഫിനും ആൺമക്കളായ ഹസ്സൻ, ഹുസൈൻ എന്നിവർക്കുമെതിരെ രണ്ടു കേസുകളിൽ കുറ്റം ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.