അഴിമതിക്കേസ്: നവാസ് ശരീഫും മകളും അറസ്റ്റിൽ
text_fieldsലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും മകള്‍ മറിയവും അറസ്റ്റിൽ. ലണ്ടനില്‍നിന്ന് എത്തിയ ഇവരെ ലാഹോര്‍ വിമാനത്താവളത്തിലാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. മറിയത്തിെൻറ ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനിലെ സമ്പന്ന പ്രദേശമായ അവെൻ ഫീൽഡിൽ നാല് ആഡംബര ഫ്ലാറ്റുകൾ സ്വന്തമാക്കിയ കേസിലാണ് ശിക്ഷിച്ചത്. ശരീഫിെൻറയും മറിയത്തിെൻറയും പാസ്പോർട്ടുകൾ കണ്ടുകെട്ടി. 68 കാരനായ ശരീഫിന് 10 വർഷവും 44 കാരിയായ മകൾക്ക് ഏഴ് വർഷവുമാണ് ശിക്ഷ വിധിച്ചത്. മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരൻ ഷെഹബാസിനെയും കാണാൻ നവാസ് ശരീഫിന് അനുമതി നൽകി. രാത്രി 9.15ഒാടെ ലാഹോറിലെ അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിലിറങ്ങിയ ഉടനെയാണ് അറസ്റ്റ്. മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം അബൂദബിയിൽനിന്ന് പുറപ്പെട്ടത്. ശരീഫിനെയും മകളെയും ഇസ്ലാമാബാദിലേക്ക് കൊണ്ടുപോകാനായി ഒരു കോപ്ടർ വിമാനത്താവളത്തിൽ ഒരുക്കിനിർത്തിയിട്ടുണ്ട്. റാവൽപിണ്ടിയിലെ നാഷനൽ അക്കൗണ്ടബിലിറ്റി കോടതിയിൽ ഹാജരാക്കിയശേഷം അഡിയാല ജയിലിലേക്ക് മാറ്റും.
പാകിസ്താനിലെ വരുംതലമുറക്കുവേണ്ടിയുള്ള ത്യാഗമാണിതെന്നും ഇത്തരം അവസരം പിന്നീടു ലഭിച്ചെന്നുവരില്ലെന്നും ശരീഫ് പാകിസ്താനിലേക്കുള്ള യാത്രക്കിടെ അബൂദബി വിമാനത്താവളത്തില്‍ പ്രതികരിച്ചു. ഉന്നതരുടെ അനധികൃത സമ്പാദ്യ വിവരങ്ങൾ പാനമ രേഖകൾ വഴി പുറത്തുവന്നതിനെ തുടർന്ന് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) എടുത്ത മൂന്ന് കേസുകളിലൊന്നിലാണ് ശിക്ഷ വിധിച്ചത്. അഞ്ചുതവണ മാറ്റിവെച്ചശേഷം പ്രഖ്യാപിച്ച വിധിപ്രകാരമാണ് അറസ്റ്റ്.
അർബുദ ബാധിതയായ ഭാര്യ കുൽസൂം നവാസിെൻറ ചികിത്സക്കായി ലണ്ടനിലായിരുന്നു ശരീഫും കുടുംബവും. ജൂലൈ 25ന് പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിെക്കയുള്ള അറസ്റ്റ് പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ പറഞ്ഞു. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മകൾ മറിയത്തിനും മരുമകൻ സഫ്ദറിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. വിചാരണക്ക് ഹാജരാകാതിരുന്ന ശരീഫിെൻറ മക്കളായ ഹസനെയും ഹുസൈനെയും ഒളിവിലുള്ള പ്രതികളായി കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.