നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ അഭിപ്രായ ഭിന്നത രൂക്ഷം
text_fieldsകാഠ്മണ്ഡു: നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനുള്ള അവസാന ശ്രമങ്ങളും പാളുന്നു. പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും കമ്യൂണിസ്റ്റ് പാർട്ടി എക്സിക്യൂട്ടിവ് ചെയർമാൻ പുഷ്പ കമാൽ ദഹൽ പ്രചണ്ഡയും ഒരാഴ്ചക്കകം ആറോളം ചർച്ചകൾ നടത്തിയിട്ടും ഐക്യമുണ്ടായില്ല. അടുത്ത യോഗം വെള്ളിയാഴ്ച നടക്കും.
ഒലിയെ പിന്തുണച്ച് കഴിഞ്ഞ ദിവസം നേപ്പാളിെൻറ പല ഭാഗത്തും പ്രകടനങ്ങൾ നടന്നു. തെരുവ് പ്രകടനങ്ങൾക്ക് ആഹ്വാനം നൽകരുതെന്ന് ഒലിയും പ്രചണ്ഡയും തമ്മിൽ ധാരണയുണ്ട്. ഇത് ലംഘിച്ചാണ് ജനം തെരുവിലിറങ്ങിയത്. ഒരു സ്ഥലത്ത് ഇരുപക്ഷത്തിെൻറയും അനുയായികൾ തമ്മിൽ പ്രകടനമായി വന്ന് ഏറ്റുമുട്ടി. അഭിപ്രായ ഐക്യത്തിന് പിന്തുണ നൽകുന്നതിന് പകരം ഒലിയുടെ അനുയായികൾ തെരുവിലിറങ്ങുകയാണെന്ന് പാർട്ടി വക്താവ് നാരായൺ കജി ശ്രേഷ്ഠ പറഞ്ഞു. പാർട്ടി പിളരരുത് എന്നത് തന്നെയാണ് ഞങ്ങളുടെ താൽപര്യം. അത് ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ വഞ്ചിക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾ പൂർണ പരാജയമാണെന്നാണ് അണികളുടെ പ്രതികരണം സൂചിപ്പിക്കുന്നതെന്ന് ഉൾപാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പാർട്ടി പറയുന്നത് അനുസരിക്കാൻ തയാറാണെന്നും പ്രവർത്തന രീതിയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഒലി പറയുേമ്പാഴും ജനങ്ങൾ നൽകിയ പദവിയായ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
മുൻ പ്രധാനമന്ത്രിമാരായ പ്രചണ്ഡ, മാധവ് കുമാർ നേപ്പാൾ, ഝലനാഥ് ഖനാൽ, മുൻ ഉപ പ്രധാനമന്ത്രി ബാംദേവ് ഗൗതം തുടങ്ങിയവർ പാർട്ടിയിലും സർക്കാറിലും ഉയർന്ന പദവി ലക്ഷ്യമിടുന്നുണ്ട്. ഇവർ ഒലിയുടെ ഇന്ത്യ വിരുദ്ധ നിലപാടിന് എതിരാണ്.
മധ്യമാർഗം അവലംബിക്കാതെ പിളർപ്പ് ഒഴിവാക്കാനാകില്ലെന്നും സ്റ്റാൻഡിങ് കമ്മിറ്റി അംഗം രഘുജി പന്ത് പറഞ്ഞു. ചൈനീസ് അംബസാഡർ ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. പ്രതിസന്ധിയെ ചൈനീസ് അനുകൂലമാക്കി മാറ്റാനാണ് അവരുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.