നേപ്പാൾ പൗരത്വ നിയമത്തിൽ ഭേദഗതി; ഇന്ത്യക്കാർക്ക് തിരിച്ചടി
text_fieldsകാഠ്മണ്ഡു: അതിർത്തിയിലെ നിർമാണ പ്രവൃത്തി, ഭൂപടമാറ്റം അടക്കമുള്ള വിഷയങ്ങളിൽ തർക്കം നിലനിൽക്കെ പൗരത്വ നിയമത്തിൽ മാറ്റം വരുത്താൻ നേപ്പാൾ തീരുമാനം. നേപ്പാൾ പൗരനെ വിവാഹം ചെയ്യുന്ന വിദേശ വനിതക്ക് ഏഴു വർഷം കഴിഞ്ഞ് പൗരത്വം നൽകിയാൽ മതിയെന്നാണ് പുതിയ തീരുമാനം. പൗരത്വ വിഷയത്തിൽ ഭരണഘടന ഭേദഗതി ചെയ്യാൻ കെ.പി. ശർമ ഓലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാറിന് അനുമതി നൽകാൻ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
പൗരത്വ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ നേപ്പാളിലേക്ക് വിവാഹം കഴിച്ചു പോകുന്ന നിരവധി ഇന്ത്യക്കാരെയാണ് പ്രതികൂലമായി ബാധിക്കുക. നേപ്പാൾ കൊണ്ടുവരുന്ന നിയമത്തെ ഇന്ത്യൻ പൗരത്വ നിയമങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പ ന്യായീകരിക്കുകയും ചെയ്തു.
ഇന്ത്യൻ പൗരനെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഏഴുവർഷം കഴിഞ്ഞ് പൗരത്വം നൽകാവൂ എന്നാണ് ഇന്ത്യയിലെ പൗരത്വം നിയമം അനുശാസിക്കുന്നത്. എന്നാൽ, ഇന്ത്യൻ പൗരത്വ നിയമത്തിന്‍റെ ഈ നിബന്ധന നേപ്പാൾ പൗരന്മാർക്ക് ബാധകമല്ലെന്ന കാര്യം രാം ബഹദൂർ ഥാപ്പ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയില്ല.
ഉത്തരാഖണ്ഡിന്റെ ഭാഗങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയ രാഷ്ട്രീയ ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലമെന്‍റ് പാസാക്കിയിരുന്നു. കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനും നേപ്പാൾ സൈന്യം നീക്കം തുടങ്ങിയിട്ടുണ്ട്.
കലാപാനിക്കടുത്തുള്ള ചാങ്‌രുവിൽ സായുധ പൊലീസ് സേനയുടെ അതിർത്തി പോസ്റ്റ് സ്ഥാപിച്ചതായും നേപ്പാൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആറ് ദശാബ്ദത്തോളം ഇന്ത്യ നിയന്ത്രിക്കുന്ന പ്രദേശമായ കാലാപാനി അടക്കമുള്ളവ തങ്ങളുടെതാണെന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.