അഴിമതി: രാജിവെക്കില്ലെന്ന് നെതന്യാഹു
text_fieldsജറൂസലം: അഴിമതിക്കേസുകളിൽ തന്നെ പ്രതിചേർത്ത അന്വേഷണ റിപ്പോർട്ട് തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സത്യത്തിനും യുക്തിക്കും നിരക്കാത്ത പൊലീസ് റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുമ്പ് തനിക്കെതിരെ 15 ഒാളം കേസുകളുണ്ടായിരുന്നു. എന്നാൽ ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ല. സുഹൃത്തുക്കളിൽ നിന്ന് സമ്മാനം കൈപ്പറ്റുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. തെൻറ സർക്കാർ സുസ്ഥിരമാണ്. രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിലും ജനങ്ങൾ സഹായിച്ചാൽ വിജയിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
കേസുകളിൽ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന പൊലീസ് അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് നെതന്യാഹുവിെൻറ പ്രതികരണം. അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് നെതന്യാഹുവിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. 14 മാസത്തെ അന്വേഷണത്തിനുശേഷമാണ് പൊലീസ് റിപ്പോർട്ട് അറ്റോണി ജനറലിനു സമർപ്പിച്ചത്. 10 വർഷത്തിനിടെ മൂന്നുലക്ഷം ഡോളർ നെതന്യാഹു സമ്മാനമായി സ്വീകരിച്ചതായും പൊലീസ് കണ്ടെത്തി.
പൊലീസ് അന്വേഷണറിപ്പോർട്ടിനെ തുടർന്ന് സർക്കാറിനെ അട്ടിമറിക്കാനില്ലെന്ന് സഖ്യകക്ഷികൾ പറഞ്ഞു.സ്വദേശികളും വിദേശികളുമായ ബിസിനസുകാരിൽ നിന്ന് അനധികൃതമായി സമ്മാനം സ്വീകരിച്ചുവെന്നാണ് ആദ്യത്തെ കേസ്. രാജ്യത്തെ ഏറ്റവും കൂടുതൽ പ്രചാരമുള്ള യിദിയത് അഹ്റോനോട്ട് പത്രത്തിൽ തനിക്ക് മികച്ച കവറേജ് നൽകണമെന്നാവശ്യപ്പെട്ട് പബ്ലിഷർക്ക് കൈക്കൂലി നൽകിയെന്നാണ് രണ്ടാമത്തെ കേസ്.
2009 മുതൽ ഇസ്രായേൽ പ്രധാനമന്ത്രിയായി തുടരുകയാണ് നെതന്യാഹു. 1996 മുതൽ 1999 വരെയും ആ സ്ഥാനം വഹിച്ചിരുന്നു. ജർമനിയുമായുള്ള അന്തർവാഹിനി ഇടപാട്, 2009ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൻ തുക നൽകിെയന്ന് ഫ്രഞ്ച് കോടീശ്വരൻ അർനോൾഡ് മിമ്രാൻ വെളിപ്പെടുത്തിയത്, സ്വകാര്യ േജാലിചെയ്ത കരാറുകാരന് സർക്കാറിൽ നിന്ന് പണം നൽകൽ, ബ്രിട്ടനിലേക്കുള്ള വിമാനത്തിൽ സ്വകാര്യ കിടപ്പുമുറിക്കായി 1.27ലക്ഷം ഡോളർ ചെലവിട്ടു തുടങ്ങി നിരവധി ആരോപണങ്ങൾ നെതന്യാഹുവിനെതിരെയുണ്ട്.
റിപ്പോർട്ടിൽ രത്തൻ ടാറ്റയുടെ പേരും
ജറൂസലം: നെതന്യാഹുവിനെതിരായ അഴിമതിക്കേസിൽ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുടെ പേരും.
എന്നാൽ, റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ടാറ്റയുടെ ഒാഫിസ് പറഞ്ഞു. ആയിരം എന്ന പേരിലറിയപ്പെടുന്ന കേസിൽ നെതന്യാഹുവും ഭാര്യ സാറയും സുഹൃത്തുക്കളായ ബിസിനസ് ശതകോടീശ്വരന്മാരിൽനിന്ന് അനധികൃത സമ്മാനങ്ങൾ കൈപ്പറ്റിയതിനെ കുറിച്ചുള്ള അന്വേഷണമാണ് നടന്നത്.
ഇസ്രായേലിൽ ജനിച്ച ഹോളിവുഡ് നിർമാതാവ് മിൽഷൻ, ആസ്ട്രേലിയൻ റിസോർട്ട് ഉടമ ജയിംസ് പാക്കർ, ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റ എന്നിവരുടെ പേരുകളാണ് സമ്മാനം നൽകിയവരുടെ പട്ടികയിലുള്ളതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ജോർഡൻ-ഇസ്രായേൽ അതിർത്തിയിൽ രത്തൻ ടാറ്റയുമായി ചേർന്ന് ഫ്രീ ട്രേഡ് സോൺ തുടങ്ങുന്നതിന് സർക്കാർ സഹായം തേടിയെന്നാണ് പൊലീസ ്റിപ്പോർട്ട്. ഇസ്രായേലിെൻറ താൽപര്യങ്ങൾക്ക് കടകവിരുദ്ധവും മിൽഷനും ടാറ്റക്കും വൻ ലാഭം നേടിക്കൊടുക്കുന്നതുമായ പദ്ധതിയാണിത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ടാറ്റയെ ഇസ്രായേൽ പൊലീസ് ചോദ്യംചെയ്ത വിവരവും മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിസിനസ് പര്യടനത്തിെൻറ ഭാഗമായി രത്തൻ ടാറ്റ ഇസ്രായേലിലെത്തിയപ്പോഴായിരുന്നു അത്. ഇസ്രായേൽ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ടാറ്റയുടെ ഒാഫിസ് നിഷേധിച്ചിട്ടില്ല.
എന്നാൽ, ഇസ്രായേലിൽ ബിസിനസ് സംരംഭത്തിന് പണം മുടക്കുന്നുവെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് അവരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.