പുതിയ നയരേഖ: നിർണായക ചുവടുവെപ്പുമായി ഹമാസ്
text_fieldsഗസ്സസിറ്റി: ഹമാസ് അധ്യക്ഷൻ ഖാലിദ് മിശ്അൽ തിങ്കളാഴ്ച ദോഹയിൽ പ്രകാശനം ചെയ്ത പുതിയ നയരേഖയോട് വിവിധ കോണുകളിൽനിന്ന് സമ്മിശ്ര പ്രതികരണം ഉയരുേമ്പാൾ മൂന്നുദശകം പിന്നിടുന്ന വിപ്ലവ പ്രസ്ഥാനം സാർവദേശീയ തലത്തിൽ പുതിയ സ്വീകാര്യത നേടുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 1988ൽ പുറത്തിറക്കിയ ഹമാസ് ചാർട്ടർ ഇസ്രായേലിെൻറ തകർച്ച ലക്ഷ്യമിട്ടിരുന്നുവെങ്കിൽ പുതിയ നയരേഖയിൽ അത്തരം പരാമർശങ്ങളില്ല. എന്നാൽ, ഇസ്രായേലിെൻറ രാഷ്ട്രീയ അസ്തിത്വത്തിന് അംഗീകാരം പ്രഖ്യാപിക്കാനും രേഖ തയാറാകുന്നില്ല.
ഫലസ്തീൻ സ്വാതന്ത്ര്യ സമരം ജൂതരും അറബികളും തമ്മിൽ നടക്കുന്ന യുദ്ധമാണെന്ന ചാർട്ടറിലെ പരാമർശം ഒഴിവാക്കുന്ന പുതിയ നയരേഖ, അധിനിവേശത്തിനെതിരായ പോരാട്ടമാണെന്നും മതാത്മക യുദ്ധമല്ലെന്നും വിശദീകരിക്കുന്നു. 1967ലെ അതിർത്തി പ്രകാരമുള്ള ഫലസ്തീൻ രാഷ്ട്രം എന്ന ആശയം നിരാകരിച്ചിരുന്ന ഹമാസ് പുതിയ നയരേഖയിൽ ഇൗ നിർദേശത്തിന് അംഗീകാരം പ്രഖ്യാപിച്ചതും ശ്രദ്ധേയമായ നയവ്യതിയാനമായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീൻ പോരാട്ട ഗ്രൂപ്പുകളുടെ പൊതുവേദിയായ ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷനുമായി അകലം പാലിച്ചുപോന്ന ഹമാസ് ഭാവിയിൽ പി.എൽ.ഒയിൽ ചേരുമെന്ന് നയതന്ത്ര കേന്ദ്രങ്ങളിൽ അഭ്യൂഹം പരന്നതായി റിപ്പോർട്ടുണ്ട്. പുതിയ നയരേഖയിലെ പരാമർശങ്ങൾ ഹമാസ്-ഫതഹ് തർക്കങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിനും ആക്കംപകരും.
2007 മുതൽ ഗസ്സയിൽ ഭരണം നടത്തിവരുന്ന ഹമാസിെൻറ പുതിയ സമീപനം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും നിരാകരിച്ചു. അതിനിടെ ഏറെ നേരത്തേതന്നെ ഇത്തരം മിതവാദ സമീപനം സംഘടന സ്വീകരിക്കേണ്ടതായിരുന്നുവെന്ന് ഫതഹ് വക്താവ് ഉസാമ ഖവാസിമി അഭിപ്രായപ്പെട്ടു. ഹമാസിെൻറ തീവ്ര നിലപാടുകളാണ് ഫലസ്തീൻ ജനതയിൽ ഭിന്നിപ്പ് വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.