ന്യൂസിലാൻഡ് കോവിഡ് മുക്തം; അവസാന രോഗിയും ആശുപത്രി വിട്ടു
text_fieldsവെല്ലിങ്ടൺ: ന്യൂസിലാൻഡിലെ അവസാനത്തെ കോവിഡ് ബാധിതനും രോഗമുക്തി നേടി. ഇതോടെ കോവിഡ് ബാധിതരില്ലാത്ത രാജ്യമായിരിക്കുകയാണ് ന്യൂസിലാൻഡ്.
വളരെ നല്ല വാർത്തയാണിതെന്നും ന്യൂസിലാൻഡ് ജനതക്ക് മുഴുവൻ അവകാശപ്പെട്ട നേട്ടമാണെന്നും ആരോഗ്യ വിഭാഗം ഡയറക്ടർ ജനറൽ ആഷ്ലി ബ്ലൂംഫീൽഡ് പറഞ്ഞു.
ഫെബ്രുവരി 28ന് ശേഷം ആദ്യമായാണ് ഒരു കോവിഡ് ബാധിതൻ പോലും ഇല്ലാത്ത സാഹചര്യമെത്തിയത്. ഇതൊരു നാഴികക്കല്ലാണ്. എന്നാൽ, കോവിഡിനെതിരായ ജാഗ്രത തുടർന്നുകൊണ്ടേയിരിക്കും -അദ്ദേഹം പറഞ്ഞു.
ദക്ഷിണ പസഫിക് രാജ്യമായ ന്യൂസിലാൻഡിൽ 1154 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 22 പേർ മരിക്കുകയും ചെയ്തു. കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച ന്യൂസിലാൻഡിന്‍റെ നടപടികൾ ലോകവ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ 17 ദിവസങ്ങളായി രാജ്യത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ന്യൂസിലാൻഡിൽ കോവിഡിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രധാനമന്ത്രി ജസീന്ത ആർഡൻ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. നാലുഘട്ടങ്ങളായുള്ള ജാഗ്രതാ സംവിധാനത്തിന്‍റെ ഏറ്റവും താഴ്ന്ന ഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുമെന്നാണ് കരുതുന്നത്.
അന്താരാഷ്ട്ര അതിർത്തികളിൽ നിയന്ത്രണം തുടരുമെങ്കിലും രാജ്യത്തിനകത്ത് ഇളവുകൾ അനുവദിക്കും. പൊതുചടങ്ങുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കുന്നതിനൊപ്പം നിർബന്ധിത സാമൂഹിക അകലം പാലിക്കലിനും ഇളവ് അനുവദിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.